Type Here to Get Search Results !

Bottom Ad

ഐ.എസ്.എല്‍ കലാശക്കൊട്ടിന് കലൂര്‍ സ്റ്റേഡിയം ഒരുങ്ങി: ലോകമലയാളത്തിന്റെ കണ്ണുംകാതും കൊച്ചിയിലേക്ക്

കൊച്ചി (www.evisionnews.in): ഭൂമിമലയാളം കാതോര്‍ക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന് അറബിക്കടലിന്റെ റാണിയായ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍. സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍പരപ്പില്‍ കാല്‍പന്തു കളിയുടെ നിത്യവിസ്മയമായ മാന്ത്രികക്കരുക്കള്‍ കേരളത്തിന്റെ മഞ്ഞപ്പട കൊല്‍ക്കത്തക്കെതിരെ കെട്ടഴിച്ചുവിട്ട് ട്രോഫിയില്‍ മുത്തമിടുമെന്നാണ് മലയാളമാകെ വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും. കന്നിക്കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുമ്പോള്‍ രണ്ടാം കിരീടമാണ് അത്ലറ്റികോ ഡി കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്. രാത്രി ഏഴിനാണ് മത്സരം.

കലാശപ്പോരാട്ടത്തിന് കളത്തിലിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. മലയാളികള്‍ സ്നേഹിക്കുന്ന മലയാളികളെ സ്നേഹിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണിതെന്നും താരങ്ങള്‍ മലയാളികള്‍ക്ക് നല്ല വാര്‍ത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014ലെ ചാമ്പ്യന്‍മാരാണ് കൊല്‍ക്കത്ത. ബ്ലാസ്റ്റേഴ്സിനെയാണ് അന്ന് തോല്‍പ്പിച്ചത്. സി.കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്റ്റേഴ്സിലെ മലയാളികള്‍. മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവ് കോപ്പല്‍ ആണ് പരിശീലകന്‍. കാനഡക്കാരന്‍ ഇയാന്‍ ഹ്യൂമാണ് കൊല്‍ക്കത്തയുടെ പോരാളി. മുന്‍ സ്പാനിഷ് താരം ഹോസെ ഫ്രാന്‍സെസ്‌കോ മോളിനയുടെ തന്ത്രങ്ങളിലാണ് കൊല്‍ക്കത്തയുടെ മുന്നേറ്റം.

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങളുടെ ടീമുകളാണ് ഫൈനലില്‍ ഏറ്റമുട്ടുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബ്ലാസ്റ്റേഴ്സ് ഉടമയാകുമ്പോള്‍ കൊല്‍ക്കത്തയുടെ ഉടമ ബംഗാള്‍ കടുവ സൗരവ് ഗാംഗുലിയാണ്. സച്ചിന്റെയും ഗാംഗുലിയുടെയും സാന്നിധ്യം കലൂര്‍ സ്റ്റേഡിയത്തെ ആവേശഭരിതമാക്കുമെന്ന് ഉറപ്പ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad