ലക്‌നൗ സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുന്നുവെന്ന സൂചനകള്‍ ശരിവച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആറു വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്. രാം ഗോപാല്‍ യാദവ് തന്റെ മകന്റെ ഭാവി തകര്‍ക്കുകയാണെന്നും ഇക്കാര്യം അഖിലേഷ് തിരിച്ചറിയുന്നില്ലെന്നും തീരുമാനം പ്രഖ്യാപിച്ച മുലായം സിങ് യാദവ് ആരോപിച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് അഖിലേഷിനും രാഗോപാല്‍ യാദവിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ഇരുവരെയും പുറത്താക്കിയത്. മുലായം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടികയ്ക്ക് സമാന്തരമായി മറ്റൊരു സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിനാണ് അഖിലേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും, ഇളയച്ഛനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവപാല്‍ യാദവും തമ്മിലുളള മൂപ്പിളമ തര്‍ക്കം സ്ഥാനാര്‍ഥി നിര്‍ണയത്തിലും വന്നതോടെയാണ് സമാജ്!വാദി പാര്‍ട്ടിക്കുളളില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് അഖിലേഷ് യാദവ് അനുകൂലികളെ ശിവപാല്‍ യാദവ് വെട്ടിനിരത്തി. സ്ഥാനാര്‍ഥിപട്ടിക ശിവപാല്‍ യാദവ് ട്വീറ്ററില്‍ പ്രസിദ്ധീകരിച്ചത് എരിതീയില്‍ എണ്ണയൊഴിക്കുന്നതായി. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കു സീറ്റ് നിഷേധിച്ചതിനെതിരെ അഖിലേഷ് യാദവ്, പിതാവ് മുലായം സിങ് യാദവിനെ കണ്ടു പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് സീറ്റു നിഷേധിക്കപ്പെട്ട എംഎല്‍എമാര്‍ അഖിലേഷിനെ സന്ദര്‍ശിച്ചശേഷം മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. പിന്നാലെ, അഖിലേഷ് യാദവ് 235 പേരുടെ ബദല്‍ സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ടു. അഖിലേഷിനെ അനുകൂലിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവ് പരസ്യമായി രംഗത്തെത്തി. സമവായശ്രമത്തിന്റെ ഭാഗമായി ശിവപാല്‍ യാദവുമായി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് കൂടിക്കാഴ്ച നടത്തി.
അഖിലേഷ് തയാറാക്കിയ ബദല്‍ സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളവര്‍ എസ്പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രത്യേക ചിഹ്നത്തില്‍ മല്‍സരിച്ചേക്കുമെന്നാണ് സൂചന. അതേസമയം, അഖിലേഷിന്റെ എതിര്‍പാളയത്തിനു നേതൃത്വംകൊടുക്കുന്ന മുലായത്തിന്റെ സഹോദരന്‍ ശിവ്പാലിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും സീറ്റുണ്ട്. രണ്ടുമാസം മുന്‍പ് അഖിലേഷ് പുറത്താക്കിയ ശിവ്പാല്‍ പാളയത്തിലെ 10 മന്ത്രിമാരും വീണ്ടും മല്‍സരിക്കും.

Post a Comment
0 Comments