Type Here to Get Search Results !

Bottom Ad

കള്ളപ്പണത്തിൽ കുടുങ്ങിയ തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ സ്‌ഥാനം തെറിച്ചു


ചെന്നൈ:(www.evisionnews.in) കള്ളപ്പണത്തിൽ കുടുങ്ങിയ തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ സ്‌ഥാനം തെറിച്ചു. നോട്ട് റദ്ദാക്കലിനുശേഷം രാജ്യവ്യാപകമായി പുരോഗമിക്കുന്ന ആദായനികുതി പരിശോധനയിൽ രാമമോഹന റാവുവിന്റെ വീട്ടിൽനിന്നു 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ചുകിലോ സ്വർണവും പിടിച്ചെടുത്തിനു പിന്നാലയാണ് ചീഫ് സെക്രട്ടറി സ്‌ഥാനം നഷ്ടമായത്. ഗിരിജ വൈദ്യനാഥൻ ആണ് പുതിയ ചീഫ് സെക്രട്ടറി. നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയും കമ്മീഷണർ ഓഫ് ലാൻഡ് അഡ്മിസ്ട്രേഷനുമാണ്. 1981 ബാച്ചുകാരിയായ ഗിരിജയ്ക്ക് രണ്ടര വർഷത്തെ കാലാവധിയെ ബാക്കിയുള്ളൂ.

തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവുമായി അടുത്ത ബന്ധമുള്ള വ്യാപാരികളിൽ നിന്ന് 170 കോടി രൂപയും 127 കിലോ സ്വർണവുമാണു കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു വ്യവസായികളായ ജെ. ശേഖർ റെഡ്ഡി, കൂട്ടാളിയായ കെ. ശ്രീനിവാസലു എന്നിവരെ സിബിഐ അറസ്റ്റും ചെയ്തിരുന്നു. പിന്നാലെ ചീഫ് സെക്രട്ടറി രാമമോഹന റാവു, ഇദ്ദേഹത്തിന്റെ മകൻ വിവേക്, ഇയാളുടെ ബന്ധുക്കൾ, വ്യാപാര പങ്കാളികൾ എന്നിവരുടെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു. നൂറിലേറെ ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ സിആർപിഎഫ് സംഘത്തിന്റെ സഹായത്തോടെ ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളിൽ ബുധനാഴ്ച പുലർച്ചെ ആറുമണിയോടെ ആരംഭിച്ച റെയ്ഡ് ഇന്നു പുലർച്ചെയാണ് അവസാനിപ്പിച്ചത്.

നേരത്തെ, ചീഫ് സെക്രട്ടറി റാവുവിന്റെ മകൻ വിവേകിന്റെ ബന്ധുക്കളിൽനിന്ന് 18 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും ഒരു കിലോഗ്രാം തൂക്കമുള്ള രണ്ട് സ്വർണ ബിസ്കറ്റുകളും പിടിച്ചെടുത്തിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വിവേകിന്റെ ഭാര്യാപിതാവിന്റെ വസതിയിൽനിന്നാണ് ഇവ കണ്ടെത്തിയത്. തുടർന്നാണ് അന്വേഷണം ചെന്നൈയിലേക്കു വ്യാപിപ്പിച്ചത്

Post a Comment

0 Comments

Top Post Ad

Below Post Ad