Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസി നേതാക്കളെ അറസ്റ്റുചെയ്തു

പാലക്കാട് (www.evisionnews.in): ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കാനെത്തിയ ആദിവാസി നേതാക്കളെ പോലീസ് അറസ്റ്റുചെയ്തു. ഒളകര കോളനിയിലെ പി.കെ രതീഷ്, മുതലമടയിലെ വി. രാജു, കൊല്ലങ്കോട്ടുനിന്നുള്ള പി. മണികണ്ഠന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റിയതിനു ശേഷം വസ്ത്രമഴിച്ച് ദേഹപരിശോധനയും നടത്തിയതായും ആരോപണമുണ്ട്.

ആദിവാസികളുള്‍പ്പെടുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കുമായി നടത്തുന്ന ഗദ്ദിക കലാമേള തിങ്കളാഴ്ചയാണ് തുടങ്ങിയത്. കലാമേള ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോഴാണ് കോളനികളിലെ വിവിധ ആവശ്യങ്ങള്‍ കാണിച്ച് നിവേദനം നല്‍കുന്നതിനായി രതീഷും രാജുവും മണികണ്ഠനുമെത്തിയത്. കടപ്പാറയില്‍ ഭൂമിക്കായി സമരം നടത്തുന്ന ആദിവാസികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സമരവുമായി ബന്ധപ്പെട്ട നോട്ടീസ് കടപ്പാറ ആദിവാസിമൂപ്പന്‍ വേലായുധനോടൊപ്പം വായിക്കുന്നതിനിടെ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് വാഹനത്തില്‍ കയറ്റിയതിനു ശേഷമായിരുന്നു മുണ്ട് അഴിപ്പിച്ചുള്ള ദേഹപരിശോധന. കസ്റ്റഡിയിലെടുക്കുന്നത് എന്തിനെന്നുപോലും പറയാതെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ സംഘടനാ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെയാണ് മൂവരെയും ആദിവാസി മൂപ്പന്റെയും മറ്റൊരാളുടെയും ജാമ്യത്തില്‍ വിട്ടത്. 

വടക്കഞ്ചേരിയില്‍ എത്തുന്ന മുഖ്യമന്ത്രിതെ നേരില്‍ക്കണ്ട് നിവേദനം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതു പ്രകാരമാണ് അവിടെച്ചെന്നത്. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും മൂപ്പന്‍ വേലായുധന്‍ പറഞ്ഞു. കരിങ്കൊടി കാണിക്കാനോ മറ്റോ ശ്രമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു നടപടിയെന്നാണ് പോലീസിന്റെ പ്രതികരണം. സി.ആര്‍.പി.സി 151-ാം വകുപ്പുപ്രകാരം കരുതല്‍ തടങ്കലില്‍ എടുക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞതിനു ശേഷം ഇവരെ വിട്ടയച്ചതായും ആലത്തൂര്‍ ഡി.വൈ.എസ്.പി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad