Type Here to Get Search Results !

Bottom Ad

യൂണിയന്‍ ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പ്: അപ്രൈസര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in): യൂണിയന്‍ ബാങ്ക് കാഞ്ഞങ്ങാട്ടെ ശാഖയില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ബാങ്കിലെ അപ്രൈസര്‍ അലാമിപ്പള്ളിയിലെ കെ.വി ഷാബു (42)വിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. ബാങ്കിലെത്തിയ ഇടപാടുകാരെ വലയിലാക്കി ഇവരെക്കൊണ്ടാണു ഷാബു ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തിയിരുന്നത്.ഭീമനടി മുന്തിക്കോട്ടെ അഭിലാഷ്, കൂളിയങ്കാലിലെ ബി.അശോകന്‍, ആറങ്ങാടിയിലെ പ്രകാശന്‍, അരയി റോഡിലെ പ്രകാശന്‍, മേലാങ്കോട്ടെ പി.സുകുമാരന്‍, ഭാസ്‌കരന്‍ അരയി, അഷ്‌കര്‍ എന്നിവരെ ഇടനിലക്കാരാക്കിയാണു ഷാബു ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തിയത്.

ഇവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരനായതിനാല്‍ തനിക്കു ബാങ്കില്‍ സ്വര്‍ണം പണയപ്പെടുത്താന്‍ കഴിയില്ലെന്നു പറഞ്ഞാണു ഷാബു ഇവരെക്കൊണ്ട് സ്വര്‍ണമെന്നു തെറ്റിദ്ധരിപ്പിച്ചു മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തിയത്. മാല, വള, കമ്മല്‍ എന്നിവയാണു പണയവസ്തുക്കളായി നല്‍കിയത്. പരിശോധിച്ചു സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തിയതു ഷാബുവായതിനാല്‍ ബാങ്ക് അധികൃതര്‍ക്കു സംശയം തോന്നിയില്ല.

കഴിഞ്ഞദിവസം പണയവസ്തുക്കള്‍ പരിശോധിക്കണമെന്നു മാനേജര്‍ ഷാബുവിനോടു പറഞ്ഞതിനു പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. മറ്റു ചിലരെയും ഷാബു തട്ടിപ്പിന് ഇരയാക്കിയെങ്കിലും മാനഹാനി ഭയന്ന്, ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ച പണം അടച്ച് കേസില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. 2014 മേയ് എട്ടു മുതല്‍ 2016 നവംബര്‍ 23 വരെയുള്ള കാലയളവിലാണു ബാങ്കില്‍ നിന്നു ഷാബു മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി പണം തട്ടിയത്.ഹൊസ്ദുര്‍ഗ് എഎസ്‌ഐ പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണു ഷാബുവിനെ അറസ്റ്റുചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad