കാസര്‍കോട്:(www.evisionnews.in) നോട്ടു നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാലത്തേയ്ക്ക് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതിനാലാണ് നടപടിയെന്നും സംഘടനാ പ്രസിഡന്റ് ടി. നസറുദ്ദീന്‍ കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, വലിയ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജസ്വലമായി ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത് പാലക്കാട്ട്
ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാകുന്ന അസൗകര്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടോ എന്ന് ആശങ്കയുണ്ട്.
20, 50, 100 രൂപ നോട്ടുകളുടെ വിതരണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വ്യാപാരികളുടെ അവസ്ഥ അതിദയനീയമാകും. നോട്ട് അസാധുവാക്കിയ പ്രഖ്യാപനം വന്നതില്‍ പിന്നെ മുന്‍പ് നടന്നിരുന്നതിന്റെ 10 ശതമാനം കച്ചവടം മാത്രമാണു നടക്കുന്നതെന്നും ജോബി വി. ചുങ്കത്ത് വ്യക്തമാക്കി.
വലിയ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര നപടിയിലൂടെ രാജ്യത്തെ ചരക്ക് ഗതാഗതം സ്തംഭിച്ച അവസ്ഥയാണെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷനും കുറ്റപ്പെടുത്തി. പാലക്കാട് ജില്ലയിലെ ചെക്‌പോസ്റ്റുകള്‍ വഴി ഇതരസംസ്ഥാനത്തു നിന്നെത്തുന്ന ചരക്ക് ലോറികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നതായി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം.നന്ദകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തു നിന്നു പുറത്തേക്കുള്ള ചരക്കു നീക്കവും കുറഞ്ഞു. പുതിയ നോട്ടുകള്‍ സജീവമാകുന്നതുവരെ പെട്രോള്‍ പമ്പുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു.
Post a Comment
0 Comments