ദോഹ:(www.evisionnews.in) പൊരുതി കളിച്ചെങ്കിലും എയര്‍ഫോഴ്‌സ് ക്ലബ് ഇറാഖിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബെംഗളൂരു എഫ്‌സിക്ക് സാധിച്ചില്ല. എഎഫ്‌സി കപ്പ് ഫൈനലില്‍ 'ഇന്ത്യയുടെ സ്വന്തം' ബെംഗളൂരു എഫ്‌സിക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി. മല്‍സരത്തില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ കാലം അവസാനിക്കുന്നില്ലെന്ന ശുഭപ്രതീക്ഷയാണ് അവശേഷിക്കുന്നത്. എഴുപതാം മിനിറ്റിലായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചിലേക്ക് ഹമ്മാദി അഹമദിന്റെ ഗോള്‍.
ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ഉണ്ടായിട്ടും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ എയര്‍ഫോഴ്‌സ് ക്ലബ് ഇറാഖിന്റെ മുന്നേറ്റമാണ് കണ്ടത്. ബെംഗളൂരു പോസ്റ്റിലേക്ക് അവര്‍ ആക്രമണം അഴിച്ചു വിട്ടു. പലതും പ്രതിരോധത്തില്‍ തട്ടി അകന്നു. ചിലത് ഗോളിയുടെ മികവിലും. പക്ഷേ, 70–ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ പ്രതിരോധ നിരയെ കബളിപ്പിച്ച് ഫാല്‍ക്കണുകള്‍ എന്നു വിളിപ്പേരുള്ള എയര്‍ഫോഴ്‌സ് ക്ലബ് ഇറാഖ് ഗോള്‍ നേടി.
ബെംഗളൂരുവിന്റെ പ്രതിരോധ നിരയെ മുഴുവന്‍ നിഷ്പ്രഭമാക്കി അംജദ് റാദിയാണ് പന്ത് പെനല്‍റ്റി പോസ്റ്റിനുള്ളില്‍ എത്തിച്ചത്. പിന്നെ, പതുക്കെ ഹമ്മാദി അഹമദിന് പന്ത് നല്‍കി. ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് ഗോള്‍വലയ്ക്കുള്ളില്‍. ടൂര്‍ണമെന്റിലെ ഹമ്മാദിയുടെ 16–ാം ഗോള്‍ നേട്ടമായിരുന്നു ഇത്. ഇരുവരും നടത്തിയ മുന്നേറ്റങ്ങള്‍ പലപ്പോഴും ബെംഗളൂരുവിന്റെ നെഞ്ചിടിപ്പ് കൂട്ടി. മികച്ച അവസരങ്ങള്‍ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയ്ക്ക് ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. അവസാന നിമിഷങ്ങളില്‍ ബെംഗളൂരു കിണഞ്ഞു പരിശ്രമിച്ചെങ്കിലും നിര്‍ഭാഗ്യം മൂലം ഗോള്‍ അകന്നു നിന്നു.

Post a Comment
0 Comments