Type Here to Get Search Results !

Bottom Ad

ഒഎന്‍ജിസിയില്‍നിന്ന് പ്രകൃതി വാതകം ചോര്‍ത്തി; റിലയന്‍സിന് 10,000 കോടി പിഴ


ന്യൂഡല്‍ഹി:(www.evisionnews.in) കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) ഉടമസ്ഥതയിലുള്ള എണ്ണപ്പാടത്തുനിന്ന് പ്രകൃതിവാതകം ഊറ്റിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 1.55 ബില്യന്‍ യുഎസ് ഡോളര്‍ (10,000 കോടിയില്‍പരം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചതായി റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിലെ കൃഷ്ണ ഗോദാവരി തടത്തിലെ (കെജി ബേസിന്‍) ഒഎന്‍ജിസി ഉടമസ്ഥതയിലുള്ള എണ്ണപ്പാടത്തില്‍നിന്ന് റിലയന്‍സിന് കീഴിലുള്ള എണ്ണപ്പാടത്തേക്ക് കഴിഞ്ഞ ഏഴുവര്‍ഷമായി പ്രകൃതിവാതകം ഊറ്റിയതിനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം കനത്ത പിഴ ഈടാക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നോട്ടീസ് അയച്ചതായി സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വന്‍തുക പിഴ ഒടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി നല്‍കാന്‍ റിലയന്‍സിന് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തായതോടെ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 1.6 ശതമാനം ഇടിവ് സംഭവിച്ചു. ഒഎന്‍ജിസിയുടെ എണ്ണപ്പാടത്ത് നിന്നും പ്രകൃതിവാതകം ഊറ്റിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേന്ദ്ര സര്‍ക്കാരിന് പിഴയൊടുക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജസ്റ്റിസ് എ.പി. ഷാ കമ്മിറ്റി ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഒഎന്‍ജിസിയുടെ എണ്ണപ്പാടങ്ങളില്‍നിന്ന് പ്രകൃതിവാതകം ചോര്‍ത്തി വില്‍പന നടത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നടപടി തെറ്റാണെന്ന് കമ്മിറ്റി വ്യക്തമാക്കി. 2009 ഏപ്രില്‍ ഒന്നിനും 2016 മാര്‍ച്ച് 31നും ഇടയിലായി 11 ബില്യന്‍ ക്യൂബിക് മീറ്റര്‍ പ്രകൃതിവാതകമാണ് ഒഎന്‍ജിസി എണ്ണപ്പാടങ്ങളില്‍നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചോര്‍ത്തിയതെന്ന് ജസ്റ്റിസ് ഷാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം, പ്രകൃതിവാതകം ചോര്‍ത്തിയതിനുള്ള പിഴ ഒഎന്‍ജിസിക്കല്ല, കേന്ദ്രസര്‍ക്കാരിനാണ് നല്‍കേണ്ടതെന്നും ജസ്റ്റിസ് ഷാ, റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad