Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടേക്ക് കര്‍ണാടക മദ്യത്തിന്റെ കുത്തൊഴുക്ക്: പാക്കറ്റ് മദ്യം വ്യാപകം


കാസര്‍കോട് (www.evisionnews.in): ബാര്‍ നിരോധനത്തോടെ തുടങ്ങിയ കാസര്‍കോട്ടേക്കുള്ള കര്‍ണാടക മദ്യത്തിന്റെ വ്യാപനം പത്തിരട്ടിയിലേറെ ആയതായി സൂചനകള്‍. പാക്കറ്റ് (പേപ്പര്‍ പൗച്ച്) മദ്യമാണ് ജില്ലയില്‍ അനധികൃത മദ്യവില്‍പ്പന രംഗത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. 180 മില്ലിയുടെ പാക്കറ്റാണ് സര്‍വസാധാരണമായിരിക്കുന്നത്. കെഎസ്ആര്‍ടിസി വഴിയും ട്രെയിന്‍ വഴിയും കടല്‍മാര്‍ഗവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ണാടക മദ്യം എത്തുന്നുണ്ട്. 

ചാരായ നിരോധനത്തിനൊപ്പം തലപൊക്കിയ മദ്യക്കടത്തു സംഘങ്ങള്‍ ഒന്നൊന്നായി ഈ രംഗത്ത് നിന്ന് പിന്‍വലിയുന്നതിനൊപ്പം ജാതിമതഭേദമില്ലാതെ പുതുതലമുറയിലെ അംഗങ്ങളാണ് മദ്യക്കടത്തില്‍ വ്യാപൃതമയായിരിക്കുന്നത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്‌സൈസിലും മദ്യം പിടികൂടുന്നതിന്റെ കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും കള്ളക്കടത്ത് ഫലപ്രദമായി നേരിടാന്‍ നിയമപാലകര്‍ക്കാവുന്നില്ല.

ബാര്‍ നിരോധനത്തോടെ ഗ്രാമങ്ങളില്‍ പോലും സമാന്തര ബാറുകള്‍ ശക്തമാണ്. വിപണന രംഗത്ത് സ്ത്രീകളുടെ സാന്നിധ്യവും ഏറി വരുന്നുണ്ട്. ഹോട്ടലുകളും വീടുകളും സമാന്തര ബാറാക്കിയവരുമുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ അധിവസിക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നുണ്ട്. പരമ്പരാഗതമായി കള്ളവാറ്റ് നടത്തിയിരുന്നവര്‍ ഈരംഗം വിട്ട് വിദേശ മദ്യവില്‍പ്പനയിലേക്ക് മാറിക്കഴിഞ്ഞു. വാഷ് ഉണ്ടാക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ക്ക് ആളുകളെ കിട്ടാതാകുന്നതും ഇതിനൊരു കാരണമാണ്. 

കര്‍ണാടകയില്‍ 45രൂപക്ക് കിട്ടുന്ന പാക്കറ്റ് മദ്യത്തിന് കാസര്‍കോട്ട് 150ലധികം രൂപ ഈടാക്കുന്ന വിരുതന്മാരുമുണ്ട്. ഡ്രൈ ഡേയായ മാസാരംഭ ദിനത്തിലും ബീവറേജസ് അവധി ദിനങ്ങളിലും ഇവര്‍ക്ക് കൊയ്ത്താണ്. ആയിരം രൂപ മുതല്‍ പതിനായിരത്തിലേറെ രൂപ സമ്പാദിക്കുന്നവരുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad