Type Here to Get Search Results !

Bottom Ad

തിരൂരങ്ങാടി ഫൈസല്‍ വധക്കേസ്: ബന്ധുക്കളടക്കം എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂരങ്ങാടി (www.evisionnews.in): മതംമാറിയതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി അനില്‍കുമാര്‍ എന്ന ഫൈസലി (32)നെ വെട്ടിക്കൊന്ന കേസില്‍ ബന്ധുക്കളടക്കം എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), അമ്മാവന്റെ മകന്‍ പുല്ലാണി സജീഷ് (32), കൊടിഞ്ഞിയിലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളായ തൃക്കുളം പള്ളിപ്പടി തയ്യില്‍ ലിജീഷ് (27), പരപ്പനങ്ങാടി അയ്യപ്പന്‍കാവ് കോട്ടയില്‍ ജയപ്രകാശ് (50), നന്നമ്പ്ര കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശികളായ കളത്തില്‍ പ്രദീപ് (32), പുളിക്കല്‍ ദിനേശന്‍ എന്ന ഷാജി (39), പുളിക്കല്‍ ഹരിദാസ് (30), ചാനത്ത് സുനി (39) എന്നിവരെയാണ് മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് ഇവര്‍. കൃത്യം നിര്‍വഹിച്ചവര്‍ ഉടന്‍ പിടിയിലാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

ഈമാസം 19ന് പുലര്‍ച്ചെയാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഭാര്യയുടെ അച്ഛനമ്മമാരെ കൂട്ടിക്കൊണ്ടുവരാന്‍ ഓട്ടോയില്‍ പോകുന്നതിനിടെ ഫാറൂഖ് നഗര്‍ അങ്ങാടിയില്‍വച്ചായിരുന്നു കൊലപാതകം. ഗള്‍ഫിലായിരുന്ന അനില്‍കുമാര്‍ ഇസ്ലാം മതം സ്വീകരിച്ച് ജൂലൈയിലാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഭാര്യയേയും മൂന്ന് മക്കളെയും മതംമാറ്റി. ഇതോടെയാണ് ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് വിനോദ് ആര്‍എസ്എസിനെ സമീപിച്ചത്. ഇയാള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണ്. ആര്‍എസ്എസിന്റെ പ്രാദേശിക നേതാക്കളായ ദിനേശ്, ഹരിദാസന്‍, സുനില്‍, സജീഷ് എന്നിവരെയാണ് സമീപിച്ചത്. പിന്നീട് പരപ്പനങ്ങാടിയിലെ ആര്‍എസ്എസ് നേതൃത്വവുമായും വിഷയം ചര്‍ച്ചചെയ്തു.

ഒക്ടോബറില്‍ ദിനേശന്‍, സജീഷ്, സുനി, വിനോദ്, പ്രദീപ്, ഹരിദാസന്‍ എന്നിവര്‍ പരപ്പനങ്ങാടിയിലെ ആര്‍എസ്എസ് നേതാവ് കോട്ടയില്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ നന്നമ്പ്ര മേലെപ്പുറത്ത് യോഗം ചേര്‍ന്നാണ് ഫൈസലിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. വിവരം തിരൂരിലെ ആര്‍എസ്എസ് നേതാവിനെ അറിയിക്കുകയും ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മൂന്ന് പ്രതികള്‍ 19ന് പുലര്‍ച്ചെ ഫൈസലിനെ വെട്ടിക്കൊല്ലുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഫൈസല്‍ ബന്ധുക്കളെ കൂട്ടാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് ലിജീഷാണ് കൃത്യം നിര്‍വഹിക്കാന്‍ നിശ്ചയിക്കപ്പെട്ടവരെ അറിയിച്ചത്. ഇയാളുടെ ഡ്രൈവിങ് സ്‌കൂളില്‍ ജോലിക്കാരിയായ വിനോദിന്റെ ഭാര്യയില്‍നിന്നാണ് ലിജീഷ് യാത്രയുടെ വിവരം ചോര്‍ത്തിയത്. സംഭവം നടന്നതിന്റെ അടുത്ത ദിവസം ഫൈസല്‍ ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad