Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ജില്ലാ കലക്ടര്‍ നേരിട്ടിറങ്ങി; സ്ഥലത്ത് സമഗ്ര അഴിച്ചുപണിക്ക് നിര്‍ദ്ദേശം


മഞ്ചേശ്വരം (www.evisionnews.in): സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ചെക്‌പോസ്റ്റായ മഞ്ചേശ്വരത്തെ ഗതാഗതക്കുരുക്കഴിക്കാന്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു നേരിട്ടിറങ്ങി സമഗ്രഅഴിച്ചുപണിക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്ഥലത്ത് സംയോജിത ചെക്‌പോസ്റ്റ് നിലവില്‍ വരുന്നതിന് മുമ്പ് നടത്തേണ്ട ക്രമീകരണങ്ങള്‍ ഉടന്‍ ആരംഭിക്കാനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. 

ഇഡിക്ലറേഷന്‍ ഇല്ലാത്ത മുഴുവന്‍ ചരക്കുവാഹനങ്ങളും ചെക് പോസ്റ്റിനായി ഏറ്റെടുത്ത സ്ഥലത്തു പാര്‍ക്ക് ചെയ്യണം. ഇഡിക്ലറേഷന്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ ചെക് പോസ്റ്റിനടുത്തു നിര്‍ത്താന്‍ പാടുള്ളൂ. കേരളത്തില്‍നിന്നു കര്‍ണാടകയിലേക്കു പോകുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി ഉപ്പള പാലത്തിനടുത്തെ പെട്രോള്‍പമ്പിനു സമീപത്തായി സര്‍ക്കാര്‍ ഭൂമിയില്‍ താല്‍ക്കാലിക കെട്ടിടം നിര്‍മിക്കും.

ഇതിനായി മിച്ചഭൂമി ഉണ്ടോയെന്ന് ഉറപ്പുവരുത്താനായി മീഞ്ച വില്ലേജ് ഓഫിസറോട് കലക്ടര്‍ നിര്‍ദേശിച്ചു. സ്ഥലം ലഭ്യമല്ലെങ്കില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടം വാടകയ്ക്ക് എടുക്കും. മംഗളൂരു ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുന്ന തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല. മംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്കായി ആംബുലന്‍സ് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതിലൂടെ പോകുന്നത്. എക്‌സൈസിന്റെ പരിശോധന മറ്റൊരിടത്തേക്കു മാറ്റും. ഇത്തരം വാഹനങ്ങള്‍ മൈതാനിയില്‍ പാര്‍ക്ക് ചെയ്യണം. ചെക് പോസ്റ്റിനായി ഏറ്റെടുത്ത സ്ഥലത്തു വന്‍ സാമ്പത്തിക ബാധ്യതയില്ലാത്ത രീതിയില്‍ ചെറിയതോതില്‍ നിര്‍മാണം നടത്തി വാഹനം നിര്‍ത്തിയിടാനും പരിശോധിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.

ചെക് പോസ്റ്റില്‍ നടപ്പിലാക്കേണ്ട നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തയാറാക്കി നാലു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വാണിജ്യനികുതി ഡപ്യൂട്ടി കമ്മിഷണര്‍ സി.ബാലകൃഷ്ണനോട് കലക്ടര്‍ നിര്‍ദേശിച്ചു. ചെക് പോസ്റ്റില്‍ നിലവില്‍ ഒരു വേയ്ബ്രിജ് മാത്രമാണുള്ളത്. മറ്റൊന്നുകൂടി സ്ഥാപിക്കാന്‍ നടപടിയെടുക്കും. വാണിജ്യനികുതി അസി. കമ്മിഷണര്‍ എ.വി.പ്രഭാകരന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.രാജീവന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.രാമനാഥ, ജയരാജന്‍, എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ.സുരേശന്‍ തുടങ്ങിയവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു. ചെക് പോസ്റ്റിലെ ഗതാഗതക്കുരുക്കില്‍പെട്ട് ഒട്ടേറെ അപകടങ്ങള്‍ നടന്നു. ഇതേ തുടര്‍ന്നു നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad