കാഞ്ഞങ്ങാട് (www.evisionnews.in): തമിഴ്നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന നാലേകാല്‍ കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയില്‍ കഞ്ചാവ് എത്തിക്കുന്ന പ്രമുഖ കണ്ണികളായ ഇവര്‍ പള്ളിക്കര, മഠത്തില്‍ കോണ്‍ക്രീറ്റ് തൊഴിലാളികളെന്ന നിലയിലാണ് താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
തമിഴ്നാട്, മധുര സ്വദേശികളായ ശിവകുമാര്‍ (21), മസാന്‍ (24) എന്നിവരെയാണ് ഡിവൈ എസ് പി കെ ദാമോദരന്‍, സി ഐ സി.കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം അറസ്റ്റിലായത്. ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി പള്ളിക്കരയിലേക്ക് പോകാനായി ബസ്സ്റ്റാന്റിലേക്ക് നടന്നു വരുന്നതിനിടയിലാണ് അറസ്റ്റ്. ജില്ലയില്‍ ഉപ്പള കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് വിതരണം നടക്കുന്നത് പള്ളിക്കര കേന്ദ്രീകരിച്ചാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അറസ്റ്റിലായവരുടെ ഓരോ നീക്കങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും പള്ളിക്കരയില്‍ നിന്നും മുങ്ങിയതായും പൊലീസിന് സൂചന ലഭിച്ചു. ഇവര്‍ കഞ്ചാവുമായി തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് കണക്കു കൂട്ടിയ പൊലീസ് സംഘം തമിഴ്നാട്ടില്‍ നിന്നും വരുന്ന ട്രെയിനുകള്‍ കാഞ്ഞങ്ങാട്ടെത്തുമ്പോള്‍ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.
keyword: kanhangad-pallikare-kanjav-arrest

Post a Comment
0 Comments