കാസര്‍കോട് (www.evisionnews.in): കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച് വിജയദശമി ആഘോഷിക്കുന്നു. സംസ്ഥാനത്തുടനീളവും കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബികയിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ ഉച്ചയോടെ പര്യവസാനിക്കും. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിച്ചത്. കൊല്ലൂര്‍ മൂകാംബികക്ക് പുറമെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക, തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളിലുമാണ് വാഗ്‌ദേവതയും വിദ്യാദേവിയുമായ സരസ്വതി ദേവിക്ക് മുമ്പില്‍ വിദ്യാരംഭം നടന്നത്.
പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കുട്ടികളുമായി എഴുത്തിനിരുത്ത് ചടങ്ങിനെത്തിയ കുടുംബങ്ങളുടെ തിരക്കാണ് ക്ഷേത്രങ്ങളില്‍. കൊല്ലൂരിലേക്ക് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ എത്തി. പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഇവിടെ കുട്ടികളുടെയും മാതാപിതാക്കളുടെയും വന്‍ തിരക്കായിരുന്നു.
ഭാഷാപിതാവിന്റെ തിരുമുറ്റത്ത് ആദ്യാക്ഷരം കുറിക്കാന്‍ തുഞ്ചന്‍പറമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ അഞ്ചുമണി മുതല്‍ എഴുത്തിനിരുത്ത് ചടങ്ങ് ആരംഭിച്ചു. രണ്ടിടങ്ങളിലായിട്ടാണ് എഴുത്തിനിരുത്ത് ചടങ്ങുകള്‍. ഒരിടത്ത് പരമ്പരാഗത എഴുത്താശാന്മാര്‍ ചടങ്ങുകള്‍ നിര്‍വ്വഹിക്കുമ്പോള്‍ വിവിധ മേഖലയിലെ പ്രമുഖര്‍ രണ്ടാമത്തെ സ്ഥലത്ത് കുട്ടികളെ എഴുതിക്കല്‍ നിര്‍വ്വഹിക്കും. 5000 ലധികം കുട്ടികള്‍ ഇവിടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപുലമായ ഒരുക്കങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. 30 പ്രമുഖര്‍ ചടങ്ങിനായി എത്തിയിട്ടുണ്ട്.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ അഞ്ച് മണിയോടെ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. പാരമ്പര്യ എഴുത്താശാന്മാര്‍ക്ക് പുറമെ സാഹിത്യകാരന്മാര്‍ നേതൃത്വം നല്‍കുന്ന വിദ്യാരംഭവും നടക്കുന്നുണ്ട്. സാഹിത്യകാരന്മാരായ എം.ടി വാസുദേവന്‍ നായര്‍, കെ.പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍; എന്നിവര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കി.

Post a Comment
0 Comments