Type Here to Get Search Results !

Bottom Ad

കടലില്‍ അക്രമം പതിവായിട്ടും അധികാരികള്‍ക്ക് അനക്കമില്ല: മടക്കര തുറമുഖത്ത് ബോട്ടുനിര്‍ത്തി തൊഴിലാളികളുടെ പ്രതിഷേധം

ചെറുവത്തൂര്‍ (www.evisionnews.in): മടക്കര മത്സ്യബന്ധന തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ വള്ളക്കാര്‍ ആക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ തുറമുഖത്ത് ബോട്ടുകള്‍ നിര്‍ത്തിയിട്ടു തുറമുഖം ഉപരോധിച്ചു. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനു പോയ അയ്യപ്പന്‍, മത്സ്യരാജ്, സുല്‍ത്താന്‍ തുടങ്ങിയ ബോട്ടുകളിലെ തൊഴിലാളികളെയാണ് ഏഴിമലക്കു സമീപം കടലില്‍ വള്ളത്തിലെ തൊഴിലാളികള്‍ ആക്രമിച്ചത്. പുതിയങ്ങാടിയില്‍ നിന്ന് വലിയ വള്ളത്തിലെത്തിയ സംഘം മീന്‍പിടിത്ത ബോട്ടില്‍ കയറി തൊഴിലാളികളെ കയറ്റം ചെയ്തതെന്നും ബോട്ടിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തുവെന്നുമാണ് പരാതി. ബോട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള മീന്‍ കടത്തിക്കൊണ്ടുപോയതായും വല മോഷ്ടിച്ചതായും തൊഴിലാളികള്‍ പറഞ്ഞു.

ഇതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ബോട്ട് തൊഴിലാളികള്‍ പണിമുടക്കി തുറമുഖം ഉപരോധിച്ചത്. ഇതിനെ തുടര്‍ന്ന് മത്സ്യബന്ധനം കഴിഞ്ഞു വള്ളങ്ങള്‍ക്കോ മറ്റു ബോട്ടുകള്‍ക്കോ തുറമുഖത്ത് എത്താന്‍ കഴിയാതായി. സംഭവമറിഞ്ഞു തീരദേശ പോലീസ്, ചന്തേര പോലീസ് എന്നിവര്‍ സ്ഥലത്തെത്തി തൊഴിലാളികളും ബോട്ടുടമകളുമായി സംസാരിച്ചതിനെ തുടര്‍ന്ന് തുറമുഖ ഉപരോധം പിന്‍വലിച്ചു. തുറമുഖത്തും കടലിലും അക്രമം പതിവായിട്ടും അധികാരികള്‍ മുഖവിലക്കെടുക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗം വ്യാഴാഴ്ച കാസര്‍കോട് തീരദേശ പോലീസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad