Type Here to Get Search Results !

Bottom Ad

കോഴി കോഴ കേസില്‍ തെളിവുണ്ട്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന മാണിയുടെ ആവശ്യം ഹൈക്കോടതി തള്ളി


കൊച്ചി (www.evisionnews.in) : കോഴിക്കോഴ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെഎം മാണി സര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കോഴി ഇറക്കുമതിക്ക് നികുതി ഇളവ് നല്‍കിയെന്ന കേസില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. നികുതി ഇളവ് നല്‍കിയത് ചട്ടം ലംഘിച്ചാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. കണ്ണും കാതും മനസ്സും തുറന്നുള്ള അന്വേഷണമാകണം വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴി ഫാം ഉടമകള്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി.

കോഴി നികുതിക്ക് സ്റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണ്. സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റീസ് കെമാല്‍ പാഷയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു. അനുമതിയില്ലാതെയാണ് അന്നത്തെ ധനമന്ത്രി കേസില്‍ ഇടപെട്ടതെന്ന് സര്‍ക്കാറും കോടതിയില്‍ നിലപാടെടുത്തു.

കോഴിക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് 62 കോടിയുടെ നികുതി പിരിച്ചെടുക്കുന്നതില്‍ സ്റ്റേ നല്‍കി എന്ന കേസിലായിരുന്നു വിജിലന്‍സ് മാണിക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്. ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഈ കോഴിയിടപാടുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്. വിജിലന്‍സ് രജിസറ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ ധനമന്ത്രി കെ.എം.മാണി ഹൈക്കോടതിയെ സമീപിച്ചത്.

തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിലെ ആറു പൗള്‍ട്രി ഫാം ഉടമകളോടു വാണിജ്യ നികുതി വകുപ്പു 65 കോടി രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഫാം ഉടമകള്‍ നല്‍കിയ അപേക്ഷയില്‍ മാണി ജപ്തി നടപടി സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടു. 2013 ജനുവരി 20 ന് മുന്‍പ് 1.2 കോടി രൂപ കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2012 മേയ് 29 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് റവന്യു റിക്കവറി നടപടികളുടെ കാര്യത്തില്‍ മാണി ചെയ്തത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണ്. അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള ജപ്തി നടപടി സ്റ്റേ ചെയ്യാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും വിജിലന്‍സ് പറയുന്നു.

കേസില്‍ പൗള്‍ട്രിഫാം ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വാണിജ്യനികുതി വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ടോം ജോസഫ് അടക്കം രണ്ടു ഡപ്യൂട്ടി കമ്മിഷണര്‍മാരെ സ്ഥലം മാറ്റിയതിന് തെളിവുണ്ടെന്നുമാണ് വിജിലന്‍സ് നിലപാട്. പകരം കോട്ടയത്ത് നിന്ന് മാണിയുടെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥനെ കൊണ്ടുവരികയും ഇയാളാണ് തോംസണ്‍ ഗ്രൂപ്പിന് അനുകൂലമായി നികുതി ഇളവ് ചെയ്യാനുള്ള തീരുമാനമെടുക്കുകയും ചെയ്തതെന്ന് വിജിലന്‍സ് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. കോഴ വിവാദവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വിജിലന്‍സ് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Keywords: mani-fir-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad