Type Here to Get Search Results !

Bottom Ad

വ്യവസായ വികസനത്തെ തടസ്സപ്പെടുത്തുമ്പോള്‍ ഇല്ലാതാകുന്നത് തൊഴിലവസരം - കാസര്‍കോട് ചേമ്പര്‍ ഓഫ് കോമേഴ്‌സ്


കാസര്‍കോട്:(www.evisionnews.in) വ്യവസായ വികസനത്തെ തടസ്സപ്പെടുത്തുമ്പോള്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നുവെന്ന്
കാസര്‍കോട് ചേമ്പര്‍ ഓഫ് കോമേഴ്‌സ്. രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.  അതിനായി വിദേശ നിക്ഷേപകരെപ്പോലും ക്ഷണിക്കുകയുമാണ്.  എന്നാല്‍ ചിലര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നാട്ടില്‍ ആരംഭിക്കുന്ന സംരംഭങ്ങളെ അകറ്റുകയാണ്.  ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കരിന്തളത്തെ ഖനനത്തെ എതിര്‍ക്കുന്നത്.  മലേഷ്യയിലെ കോലാലംപൂരില്‍ ഖനനം നടത്തി നികത്തിയെടുത്ത ആയിരക്കണക്കിന് ഏക്കര്‍ ഇന്ന് വന്‍ നഗരമാണ്.  അതുപോലെ ആഫ്രിക്കയിലെ ഗിനിയില്‍ ടിന്‍ ഖനിയില്‍ നികത്തിയെടുത്ത ആയിരക്കണക്കിന് ഏക്കറില്‍ വന്‍കിട കശുമാവ് കൃഷി നടത്തുകയാണ്.  ഖനനം നടത്തിയശേഷവും അതാതു സ്ഥലങ്ങള്‍ ഏതൊക്കെ വിധത്തില്‍ വികസനം നടക്കുന്നു എന്നതിന്റെ മികച്ച ഉദാരഹണങ്ങളാണ് രണ്ടും. 
കരിന്തളത്തെ ഖനനം ആ പ്രദേശത്ത് തുറന്നു തരുന്ന സാധ്യതകള്‍ വളരെ വലുതാണ്.  ധാരാളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു എന്നതിന് പുറമെ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ ജില്ലയിലാകെ വലിയ വികസനങ്ങള്‍ക്ക് ഈ പദ്ധതി സാധ്യത തുറക്കുന്നുണ്ട്.  അതിന് പുറമെ ഉദുമയില്‍ ഒരു ചെറുകിട തുറമുഖവും ആരംഭിക്കുവാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. നാട്ടില്‍ തൊഴിലില്ലാതെ അലയുന്ന യുവാക്കളെ കരുതിയെങ്കിലും ഇത്തരം പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അന്ധമായി എതിര്‍ക്കുന്ന രീതി ഉപേക്ഷിക്കേണ്ടതാണ്.  ഇന്ന് ലോകത്ത് വികസിത രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന എല്ലാ രാജ്യങ്ങളും ഇന്നത്തെ നിലയില്‍ എത്തിയതിന് പിന്നില്‍ അവിടങ്ങളില്‍ ഉയര്‍ന്നുവന്ന സംരംഭങ്ങള്‍ക്ക് വലിയ പങ്കുണ്ട്.  പൗരന്മാര്‍ക്ക് ഭാവിയിലെങ്കിലും അത്തരം ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പുവരുത്തുവാന്‍ നമുക്ക് വലിയ ബാധ്യതകളുണ്ട്.  അതിനാല്‍ രാജ്യത്ത് വ്യവസായ-സംരംഭ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുവാന്‍ ജനങ്ങള്‍ സ്വയം മുന്നോട്ട് വരണമെന്നും കാസര്‍കോട് ഡിസ്ട്രിക്ട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു.


Keywords:kasaragod-chamber-of-commerce 

Post a Comment

0 Comments

Top Post Ad

Below Post Ad