ഖയ്യൂം മാന്യ
ഭാര്യ വൃക്ക വെച്ച് നീട്ടിയിട്ടും ഓപ്പറേഷന് പോകാൻ പണമില്ലാതെ സങ്കടപ്പെട്ട് നിന്ന പാവൂർ സ്വദേശി ഹനീഫിനെ ഓർമയില്ലേ? തങ്ങളുടെ ഉപ്പയുടെ ജീവൻ രക്ഷിക്കാമോ എന്ന് ചോദിച്ച ഇരട്ടക്കുട്ടികളായ സഫയെ, നിഫയെ? ഒരാഴ്‌ച്ച മുമ്പായിരുന്നു ആ നൊമ്പരചിത്രം ഇ-വിഷൻ ചാരിറ്റി പുറംലോകത്തെ അറിയിച്ചത്. അൽഹംദുലില്ലാഹ്, ആ കുടുംബത്തിന്റെ അനിശ്ചിതത്വത്തിന് തത്‌ക്കാലത്തേക്കെങ്കിലും പരിഹാരമായിരിക്കുന്നു. കാരുണ്യവുമായി ചേർന്ന് നിന്ന നന്മയുള്ള മനുഷ്യരുടെ പിന്തുണയിൽ അയാൾ തിങ്കളാഴ്‌ച്ച ശസ്‌ത്രക്രിയയുടെ ആദ്യഘട്ടത്തിനായി കോയമ്പത്തൂരിലേക്ക് പോവുകയാണ്.
ഫേസ്‌ബുക്കിലൂടെയും വാട്‌സ്‌ആപ്പിലൂടെയും അഭ്യർത്ഥന കണ്ട പലരും വിളിച്ചു, കർണാടകയിൽ നിന്നായിരുന്നു കോളുകളധികവും.. ഭാഷ വശമില്ലാതിരുന്നിട്ടും ഹനീഫിന് വേണ്ടി സംസാരിച്ചപ്പോൾ ഹൃദയങ്ങൾ കൊണ്ട് ഞങ്ങൾ പരസ്‌പരം തൊടുകയായിരുന്നു. സ്‌നേഹവും പ്രാർത്ഥനയും മാത്രമല്ല, അവർ തങ്ങളുടെ കയ്യിലുള്ള ചെറിയ തുകകളും അയാൾക്ക് വേണ്ടി മാറ്റി വെച്ചു. ബാങ്കിൽ രണ്ടര ലക്ഷത്തിലധികം രൂപ വന്നു, മംഗലാപുരത്തെ ജീവകാരുണ്യ സംഘടനയായ ടാലന്റ് റിസേർച്ച് ഫൗണ്ടേഷൻ മറ്റൊരു രണ്ടരലക്ഷം സ്വരൂപിച്ചു. സാധരണക്കാരായ ഹനീഫിന്റെ കുടുംബം മൂന്ന് ലക്ഷം നൽകാമെന്നേറ്റു. അങ്ങനെ ഓപ്പറേഷന് വേണ്ടി വരുന്ന എട്ട് ലക്ഷം രൂപ തികഞ്ഞിരിക്കുകയാണ്..
ഹനീഫും ഭാര്യ ഷരീഫയും മറ്റന്നാൾ യാത്ര തിരിക്കും. മൂന്ന് പെൺമക്കൾ മാത്രമല്ല ഇന്ന് അയാളുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്നത്, ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിലുള്ള ഒരിക്കലും പരസ്‌പരം കണ്ടിട്ടില്ലാത്ത, സങ്കടങ്ങൾ കണ്ടാൽ കരഞ്ഞ് പോകുന്ന ഒരുപാട് മനുഷ്യർ കൂടിയാണ്. ഇനി നിങ്ങൾ ധൈര്യമായി പോവുക ഹനീഫിക്കാ.. ഉള്ള് തൊടുന്ന നിഷകളങ്കമായ പ്രാർത്ഥനകൾ നിങ്ങളുടെ രക്ഷക്കെത്തും..
ഓപ്പറേഷൻ കഴിഞ്ഞ് അവിടെ തന്നെ താമസിച്ച് മൂന്ന് മാസം തുടർചികിത്സ ചെയ്യാനുണ്ട്.. അതിനും ലക്ഷങ്ങൾ വേണ്ടി വരും.. കണ്ണ് ചിമ്മി തുറക്കും മുമ്പെ ഇന്ദ്രജാലങ്ങൾ തീർക്കുന്ന അല്ലാഹുവിൽ ഭാരമേൽപ്പിച്ച് കഴിഞ്ഞാൽ, പണക്കിഴികളുമായി ആരെയെങ്കിലും അവൻ ഈ ഭൂമുഖത്ത് ഒരുക്കിനിർത്തിയിട്ടുണ്ടാകും.. പ്രതീക്ഷ കൈവിടേണ്ടതില്ല ഹനീഫിക്കാ.. പ്രാർത്ഥനകൾ നിലക്കാതിരുന്നാൽ മതി!
keywords : kasaragod-charity-haneefa-kidney-transfer

Post a Comment
0 Comments