Type Here to Get Search Results !

Bottom Ad

കമ്പാറിലെ ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് സാദിഖ് അറസ്റ്റില്‍, മാതാവും സഹോദരിമാരും പ്രതികള്‍



കാസര്‍കോട്: ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ്‌ചെയ്തു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെയും കേസുണ്ട്. മൊഗ്രാല്‍ പൂത്തൂര്‍ കമ്പാറിലെ സാദിഖിനെയാണ് ഞായറാഴ്ച ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാദിഖിനും മാതാവ് ആസിയുമ്മ, സഹോദരിമാരായ റുബീന, സുനീനത്ത് എന്നിവര്‍ക്കെതിരെയുമാണ് കേസ്. ആത്മഹത്യാ പ്രേരണക്കും സ്ത്രീധന പീഡനത്തിനുമെതിരെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യമില്ലാ കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

കിന്നിംഗാര്‍ നെട്ടണിഗെയിലെ പരേതനായ മുഹമ്മദലി സഫിയ ദമ്പതികളുടെ മകളും കമ്പാര്‍ ലക്ഷംവീട് കോളനിയിലെ സാദിഖിന്റെ ഭാര്യയുമായ ഫായിസ(21)യാണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രണ്ട് കുട്ടികളുടെ അമ്മയായ ഫായിസ ആറു മാസം ഗര്‍ഭിണി കൂടിയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചതോടെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് യുവതിയുടെ മാതാവിന്റെ വീട്ടുകാര്‍ എത്തിയതോടയാണ് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി നേരത്തെ തന്നെ ഫായിസ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഫായിസയുടെ മൃതദേഹം ശനിയാഴ്ച കാസര്‍കോട് തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്തിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. സാദിഖിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്ന് ആത്മഹത്യക്ക് പിന്നില്‍ ഇവരുടെ പീഡനവും പ്രേരണയുമാണെന്ന് പോലീസ് ഉറപ്പാക്കിയിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന സാദിഖിനെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad