Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി പിണറായിക്കെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്‍കി


തിരുവനന്തപുരം:(www.evisionnews.com) യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനം ടി.വി.ചാനലുകാര്‍ വാടകയ്‌ക്കെടുത്തു നടത്തിയതാണെന്ന വിവാദ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്‍കിയത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. തന്നെ കരിങ്കൊടി കാണിച്ചത് വാര്‍ത്താ ചാനലുകള്‍ വാടകയ്‌ക്കെടുത്തവരാണെന്ന പരാമര്‍ശം പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അതേസമയം, തനിക്കെതിരെ കരിങ്കൊടി കാട്ടിയത് ചില ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്ന് പറഞ്ഞത് തന്റെയൊരു തോന്നലില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഈ തോന്നല്‍ തെറ്റിപ്പോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്വാശ്രയ പ്രശ്‌നത്തേക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കന്റോണ്‍മെന്റ് ഗേറ്റ് വഴി കാറില്‍ പുറത്തേക്കുപോകുമ്പോള്‍ ഒരുവശത്തു കൂടി ക്യാമറയുമായി ചാനലുകാര്‍ ഓടിവരുന്നതു കണ്ടു. എന്താണു സംഭവമെന്ന് അവരെ നോക്കിയപ്പോള്‍ ഇടതുവശത്തു കൂടി രണ്ടു ചെറുപ്പക്കാര്‍ കറുത്ത കൊടിയുമായി വരുന്നു. ഇത്രവലിയ സംഘടനയായ യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കാന്‍ വരുമ്പോള്‍ വെറെ രണ്ടുപേരു മാത്രമായി വരുമോ എന്ന് ആലോചിച്ചു. ചാനലുകളിലെ ചില വിരുതന്‍മാര്‍ ഇതുപോലുള്ള പരിപാടികള്‍ നേരത്തെയും ഒപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചാനലുകാരായിരിക്കും ഇതിനുപിന്നിലെന്ന് തനിക്ക് തോന്നിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കു തോന്നുന്ന കാര്യങ്ങള്‍ താന്‍ പറയുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പ്രതികരിച്ചു. എന്റെ തോന്നല്‍ ഞാന്‍ വിശദീകരിച്ചശേഷം, കരിങ്കൊടിയുമായി വന്നത് തങ്ങള്‍തന്നെയാണെന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞു. അതുകൊണ്ട് ഇനി ഇക്കാര്യത്തില്‍ തര്‍ക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Keywords:pinarayi-vijayan-ksu-case

Tags

Post a Comment

0 Comments

Top Post Ad

Below Post Ad