Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍ മയിച്ച റെയില്‍വേ അടിപ്പാലത്തിന് ടെന്‍ഡറായി


ചെറുവത്തൂര്‍:(www.evisionnews.in)മയിച്ച നിവാസികളുടെ കാത്തിരിപ്പിന് വിരാമമായി. മയിച്ച റെയില്‍വേ സബ്വേയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി പാലക്കാട് ഡിവിഷണല്‍ മാനേജര്‍ വിജ്ഞാപനമിറക്കി. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ പ്രാദേശിക ഫണ്ടില്‍നിന്നാണ് നിര്‍മാണത്തിനാവശ്യമായ 1.62 കോടി രൂപ അനുവദിച്ചത്. 1.5 കോടി രൂപയുടെ ടെന്‍ഡറാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ സബ് വേയും നിര്‍മിക്കും. തുടര്‍ന്ന് അനുബന്ധ റോഡുകളും മറ്റ് സംവിധാനങ്ങളുമൊരുക്കും. പ്രദേശവാസികളുടെ യാത്രാക്‌ളേശം ഇതോടെ പരിഹരിക്കപ്പെടും.  പി കരുണാകരന്‍ എംപിയുടെ ഇടപെടലിന്റെ ഭാഗമായാണ് സബ് വേ യാഥാര്‍ഥ്യമാകുന്നത്. 

ഡിവിഷണല്‍ എന്‍ജിനിയര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നിര്‍ദിഷ്ട സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തുകയും സബ്വേ നിര്‍മിക്കുന്നതിന് സാങ്കേതികമായി അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് സന്നദ്ധത അറിയിച്ച് മൂന്നുലക്ഷത്തോളം രൂപ സെന്റേജ് ചാര്‍ജും അടച്ചു. തുടര്‍ന്നാണ് സബ്വേ നിര്‍മാണത്തിനാവശ്യമായ നടപടി മുന്നോട്ടുനീങ്ങിയത്. വാഹനങ്ങള്‍ക്കും മറ്റും സുഗമമായി കടന്നുപോകാന്‍ സാധിക്കുന്ന രീതിയില്‍ 4.5 മീറ്റര്‍ വീതിയിലും 3.6 മീറ്റര്‍ ഉയരത്തിലുമാണ് സബ്വേ. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ തുരുത്തി, കാരിയില്‍, മീന്‍കടവ്, മയിച്ച പടിഞ്ഞാറ്, കുറ്റിവയല്‍, കുണ്ടുപടന്ന, കിഴക്കേമുറി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ദേശീയപാതയുമായും ചെറുവത്തൂര്‍, നീലേശ്വരം ടൌണുമായും എളുപ്പത്തില്‍ ബന്ധപ്പെടാനാകും. ഇതുമായി ബന്ധപ്പെടുന്ന നീലേശ്വരം- തുരുത്തി-ചെറുവത്തൂര്‍ റോഡിന്റെ നിര്‍മാണത്തിനായി എംപിയുടെ നേതൃത്വത്തില്‍ പ്രഭാകരന്‍ കമീഷനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ റോഡുകൂടി യാഥാര്‍ഥ്യമായാല്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങും. 
നിലവില്‍ മയിച്ച ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ റെയില്‍വേ ലൈന്‍ മറികടന്നാണ്് സ്‌കൂളുകളിലേക്കും മറ്റിടങ്ങളിലേക്കും പോകുന്നത്.

Keywords:Cheruvathur-mayicha-railway-under-bridge

Post a Comment

0 Comments

Top Post Ad

Below Post Ad