ചെറുപുഴ:(www.evisonnews.in) വീട്ടില്‍ തനിച്ചായിരുന്ന വൃദ്ധയെ അക്രമിച്ച് നാലര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ രണ്ടുപേരെ ചെറുപുഴ എസ് ഐ കെ.വി.സ്മിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ചുണ്ടയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി അമ്പി എന്ന തൈപ്പറമ്പില്‍ മനോജ്(43), ചെറുപുഴയിലെ ബൈക്ക് ഷോറൂം ജീവനക്കാരന്‍ കമ്പല്ലൂര്‍ സ്വദേശി പുതുപ്പറമ്പില്‍ ജെയിസന്‍ തോമസ്(20) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാവിലെ അറസ്റ്റ് ചെയ്തത്.
കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ പയ്യന്നൂര്‍ സി.ഐ.ആസാദിന്റെ നിര്‍ദ്ദേശപ്രകാരം ചെറുപുഴ എസ് ഐ കെ.വി.സ്മിതേഷ്, എ.എസ്.ഐ വി.ഡി.രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ് കുമാര്‍.ഇ, അബ്ദുള്‍ റൗഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. 2016 ജൂലൈ 20 നാണ് കേസിനാസ്പദമായ സംഭവം. ചുണ്ട വിളക്കുവട്ടം റോഡിലെ പാലങ്ങാടന്‍ മാണിയമ്മ(80) എന്ന വയോധികയെ സന്ധ്യയ്ക്ക് വിളക്കു വെയ്ക്കാന്‍ വീടിനു പുറത്തിറങ്ങിയ സമയം വായില്‍ തുണി തിരുകി കൈകള്‍ കെട്ടിയിട്ട് മാല കവരുകയായിരുന്നു. ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്ന മനോജാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ ജെയിസനെ കവര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തുകയായിരുന്നു. കവര്‍ച്ച മുതല്‍ ആലപ്പുഴയിലെ ജ്വല്ലറിയില്‍ വിറ്റതായി പ്രതികള്‍ പോലീസിനോടു പറഞ്ഞു. പ്രതികളെ പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
keywords : cherupuzha-old-woman-ornaments-police-arrest

Post a Comment
0 Comments