Type Here to Get Search Results !

Bottom Ad

ജനം ചോദിക്കുന്നു, തൃക്കണ്ണാടെന്താ കേരളത്തിലല്ലേ? സ്വയം ഭരണപ്രദേശമാണോ..?


കാസര്‍കോട് (www.evisionnews.in) : ഞായറാഴ്ച കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളിലൊരാള്‍ ഓടിച്ച കാറിടിച്ച് പ്ലസ്ടു കാരനായ പ്രശാന്ത് എന്ന വിദ്യാര്‍ത്ഥി ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്‌റ്റേഷന്റെ മൂക്കിന് താഴെ തൃക്കണ്ണാട് നടന്ന പ്രദേശവാസികളുടെ പ്രതിഷേധം നിയന്ത്രിക്കാതെ ജില്ലയിലെ ജനങ്ങളെ ആകെ നരകതീ തീറ്റിച്ച ജില്ലാ ഭരണ നേതൃത്വത്തിനെതിരെ പൊതു സമൂഹത്തില്‍ പ്രതിഷേധം ശക്തം. ഇക്കാര്യത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറും പോലീസ് മേധാവിയും ജനങ്ങളോട് മറുപടി പറയണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.

വിദ്യാര്‍ത്ഥിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഒളിവില്‍ പോയ മത്സ്യ ഫെഡ് ഭരണസമിതി അംഗകൂടിയായ വി.ആര്‍ വിദ്യാസാഗറിനെ അറസ്റ്റ് ചെയ്യാതെ ഒരുത്തനെയും തൃക്കണ്ണാട് വഴി സംസ്ഥാന പാതയിലൂടെ കടത്തിവിടില്ലെന്ന ചിലരുടെ പ്രഖ്യാപനം പോലീസിനെ നോക്കുകുത്തിയാക്കി നടപ്പിലാക്കുകയായിരുന്നു ചില കേന്ദ്രങ്ങള്‍. പ്രതിഷേധക്കാരെ അനുനയിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തി മിന്നല്‍ ഹര്‍ത്താലും വഴി തടയലും ഒഴിവാക്കാനായിരുന്നു ജില്ലാ പോലീസ് ചീഫും ജില്ലാ കലക്ടറും ശ്രമിക്കേണ്ടിയിരുന്നത്. പ്രതിഷേധക്കാരുടെ രോഷം ശമിപ്പിക്കാന്‍ ഇവരുടെ നേതൃത്വവുമായി ബന്ധപ്പെട്ട് സങ്കീര്‍ണ്ണമായ പ്രശ്‌നം മുളയിലേ നുള്ളാനും ജില്ലാ ഭരണാധികാരികള്‍ ശ്രമിക്കേണ്ടതായിരുന്നു. എന്നാല്‍ ഇവരോട് കളിച്ചാല്‍ ശരിയാകില്ലെന്നായിരുന്നു എല്ലാം ശരിയാകുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാന്‍ ചുമതലയുള്ള ജില്ലാ ഭരണാധിപന്മാരുടെ നിലപാട്.

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാത കെ.എസ്.ടി.പി ഏറ്റെടുത്ത് നവീകരണം നടത്തി റോഡിന്റെ മുഖം മിനുക്കിയതോടെ മിന്നല്‍ വേഗത്തിലാണ് ഈ റൂട്ടില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നത്. ഇക്കഴിഞ്ഞ ഏഴുമാസത്തിനിടയില്‍ രണ്ടു ഡസനോളം പേരാണ് റോഡപകത്തില്‍ മരിച്ചത്. വിശുദ്ധ റമദാന്‍ മാസത്തില്‍ ഒരു കുടുംബത്തിലെ സ്ത്രീകളടക്കമുള്ള ആറു പേരാണ് റോഡരികിലെ മരത്തില്‍ കാറിടിച്ച് മരിച്ചത്. തൃക്കണ്ണാട് അപകടം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിച്ച ഹതഭാഗ്യനായ ഗൃഹനാഥനും കാറിടിച്ച് മരിച്ചു. അന്നൊന്നും കാണാത്ത ജനരോഷമാണ് തൃക്കണ്ണാട് അപകടത്തിന് പിന്നാലെ ഉയര്‍ന്നത്. മുമ്പ് മരിച്ചവരൊന്നും അന്നാട്ടുകാരല്ലാത്തത് കൊണ്ടായിരുന്നോ പ്രതിഷേധമുയരാതിരുന്നതെന്നും ചോദ്യം ഉയര്‍ത്തുന്നവരുണ്ട്. തൃക്കണ്ണാട് മരിച്ച പ്രശാന്ത് ഉള്‍പ്പെടെ 20പേരുടെ വേര്‍പാടുകള്‍ ഇന്നാടിനും അവരുടെ കുടുംബത്തിനും തീരാനഷ്ടമാണ് വരുത്തി തീര്‍ത്തിരിക്കുന്നത്. ഇവരുടെ ദുഖത്തില്‍ ജനം ഒന്നടങ്കം ദു:ഖവും പ്രകടിപ്പിച്ചിരുന്നതാണ്. ഇക്കാര്യങ്ങളൊന്നും തിരിച്ചറിയാത്തവരാണോ തൃക്കണ്ണാടിനെയും പരിസരങ്ങളെയും സ്വയം ഭരണ പ്രദേശമാക്കി നിയമം കയ്യിലെടുത്ത് ഒരു നാടിനെ ഒന്നാകെ സ്തംഭിപ്പിച്ച് കാസര്‍കോട് ജില്ലയെയാകെ ലോകത്തിന് മുന്നില്‍ നാറ്റിച്ചു കൊടുത്തത്. ടൂറിസ്റ്റ് സീസണ്‍ അല്ലാത്തതിനാല്‍ ബേക്കലിലെത്തുന്ന വിദേശ സംഘങ്ങള്‍ ഇത് കാണാത്തത് പരമഭാഗ്യമായി കാണുന്നവരുണ്ട്.

ഏതായാലും ഇത്തരമൊരു സ്ഥിതിയെ നേരിടാനാകാതെ പകച്ചുനിന്ന പോലീസിന് തൃക്കണ്ണാട് നടന്ന അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനോ രക്ഷപ്പെടാനോ ആകില്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് സംരക്ഷണ നല്‍കേണ്ടവര്‍ അത് നിഷേധിക്കുന്ന ശക്തികള്‍ക്ക് കാവല്‍ നില്‍ക്കുന്ന കാഴ്ചയാണ് ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വൈകിട്ട് വരെ തൃക്കണ്ണാടും ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിസത്തും കണ്ടത്. അത് കൊണ്ട് തന്നെയാണ് തൃക്കണ്ണാട് എന്താ കേരളത്തിലല്ലേ എന്നും സ്വയം ഭരണപ്രദേശമാണോ എന്നും ജനങ്ങള്‍ ക്ഷമകെട്ട് ചോദിച്ചത്.

Keywords: News-story-thrikannad-car-accdent-trikannad-entha-keralathilalle-

Post a Comment

0 Comments

Top Post Ad

Below Post Ad