Type Here to Get Search Results !

Bottom Ad

ഐ.എസ് ബന്ധം: ഒരാൾ മുംബൈയിൽ ഇന്റലിജൻസിന്റെ പിടിയിൽ: 12 പേർ ടെഹ്റാനിലെത്തിയതായി സൂചന


കാസർകോട് (www.evisionnews.in): കാസര്‍കോട്ട് നിന്ന് ഐ.എസ് ബന്ധം ആരോപിച്ച് കാണാതായവരില്‍ ഒരാള്‍ മുംബൈയില്‍ ഇന്റലിജന്‍സ് സംഘത്തിന്റെ പിടിയിലായി. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനാണ് പിടിയിലായത്. മുംബൈയില്‍ നിന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഫിറോസിനെ കസ്റ്റഡിയിലെടുത്തത്. ഒരുമാസം മുമ്പാണ് ഇയാളെ കാണാതായത്. ഒരാഴ്ച മുമ്പ് ഇയാള്‍ ഇളമ്പിച്ചിയിലെ വീട്ടിലേക്ക് വിളിച്ചിരുന്നു. മുംബൈയിലെ ഡോങ്ക്രിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

അതേ സമയം, കാസര്‍കോട് നിന്ന് കാണാതായ 15പേരില്‍ 12 പേര്‍ ഇറാനിന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉള്ളതായാണ് ഇന്റലിജന്‍സിന് ലഭിക്കുന്ന വിവരം. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാവല്‍സ് വഴിയാണ് ഇവര്‍ ഇറാനിലേക്ക് കടന്നിരിക്കുന്നത്. റിക്രൂട്ട്‌മെന്റിന്റെ സൂത്രധാരരെന്ന് സംശയിക്കുന്ന ഇജാസിന്റെയും അബ്ദുല്‍ റഷീദിന്റെയും കുടുംബങ്ങള്‍ ടെന്റാനിലുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അതിനിടെ മലയാളികളുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. കാണാതായവര്‍ക്ക് ഐ.എസ് തീവ്രവാദ ബന്ധം ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാണാതായ മുഴുവന്‍ പേരുടെയും ബന്ധുക്കളില്‍ നിന്നും പോലീസിന് പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം കൈമാറാനാണ് തീരുമാനം. ഇതിനു മുന്നോടിയായി ദേശീയ അന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ വിക്രമിന്റെ നേതൃത്വത്തിലുള്ള സംഘം തൃക്കരിപ്പൂരിലെത്തി പ്രാഥമിക അന്വേഷണം നടത്തി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും റോയും നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ഇവര്‍ ഉടന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ച സന്ദേശങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. നേരത്തെ 16 പെരെ കാണാതായെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. കാണാതായവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും റോ വ്യക്തമാക്കി. എന്നാല്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. കാസര്‍കോട് നിന്നും 15 പേരെയും പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് നാലുപേരെയുമാണ് കാണാതായത്. ഇതു സംബന്ധിച്ച് 17 പരാതികളാണ് സംസ്ഥാന പോലീസിന് ലഭിച്ചിട്ടുള്ളത്. 


Keywords: Kasaragod-news-is-kerala-nia

Post a Comment

0 Comments

Top Post Ad

Below Post Ad