Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ കൗതുകങ്ങള്‍ തേടി 'സഞ്ചാരി'ക്കൂട്ടത്തിന്റെ ബൈക്ക് യാത്ര

ബദിയടുക്ക (www.evisionnews.in) : അത്യുത്തര കേരളത്തില്‍ കര്‍ണാടകയുമായി ഭാഷാ-സാംസ്‌കാരിക ബന്ധമുള്ള ബദിയടുക്കയിലേക്ക് യുവാക്കള്‍ നടത്തിയ മഴയാത്ര ശ്രദ്ധേയമായി. രണ്ടു ലക്ഷം അംഗങ്ങളുള്ള ഫേസ് ബുക്ക് കൂട്ടായ്മയായ 'സഞ്ചാരി' യുടെ കാസര്‍കോട് യൂനിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പഠന യാത്ര. 
അയല്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് പോലും അന്യമായ ബദിയടുക്കയുടെ വൈവിധ്യ കാഴ്ചകളിലേക്കാണ് മഴയാത്ര വഴിതുറന്നത്. ഇടനാടന്‍ ചെങ്കല്‍ കുന്നുകളാണ് ബദിയടുക്കയുടെ ഭൂമിശാസ്ത്രം. ശുദ്ധജല സംഭരണത്തില്‍ ഇടനാടന്‍ ചെങ്കല്‍ കുന്നുകളുടെ പ്രാധാന്യം ബദിയടുക്കയിലെ ഗ്രാമീണര്‍ വളരെ നേരത്തെ മനസിലാക്കിയിരുന്നു.
വെള്ളത്തിന്ണ്ട ക്ഷാമം നേരിടുമ്പോള്‍ അവര്‍ ചെങ്കല്‍ കുന്നുകളില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കി അകത്തേക്ക് ചെന്നു. സുരങ്ക എന്നാണ് ഇത്തരം ജലസ്രോതസ്സുകളുടെ പേര്. പെരുമുണ്ടയിലെ കര്‍ഷകനായ നാരായണ ഭട്ട് ഒരു പടികൂടി കടന്ന് ഒരു കുന്നിന്റെ ഗര്‍ഭത്തിലൂടെ ഇടനാഴി വെട്ടിയെടുത്തിരിക്കുന്നു. വീടിനും കൃഷിയിടത്തിനുമിടയില്‍ കുന്നിന്റെ തടസം നീക്കാന്‍ അദ്ദേഹം കണ്ടെത്തിയ വഴിയാണിത്.
രണ്ടര മീറ്റര്‍ ഉയരവും മുകളില്‍ ഒന്നേ കാല്‍ മീറ്റര്‍ വീതിയിലും താഴെ ഒരു മീറ്റര്‍ വീതിയിലുമാണ് 50 മീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഗതാഗതം ഉദ്ദേശിച്ചു മാത്രമാണിത്. ഒരു ദീര്‍ഘ ചതുരം കുത്തനെ വെച്ച് മുകള്‍ ഭാഗത്തെ രണ്ടു കോണുകള്‍ എതിര്‍ ദിശകളിലേക്ക് വലിച്ചു നീട്ടിയ പരുവം. എളുപ്പമായിരുന്നിട്ടും കുന്ന് നെടുകെ മുറിക്കാതെ ഇത്തിരി സാഹസപ്പെട്ടതിനാല്‍ തുരങ്കത്തിന്റെ മുകളില്‍ ഇദ്ദേഹം കവുങ്ങുകള്‍ നട്ടിരിക്കുന്നു.
മഴ മാറി വേനല്‍ കനക്കുമ്പോള്‍ നാരായണ ഭട്ട് തൂമ്പയെടുത്ത് അകത്തേക്ക് കുഴിച്ചു കയറും. വെള്ളം കിട്ടുവോളം. പ്രകൃതി അതിനൊരു മുട്ടും വരുത്താറില്ല. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയാണ്ണ്ട ഭട്ട് കൃഷിക്കിറങ്ങിയത്. പ്രതിസന്ധികള്‍ തരണം ചെയ്യുന്നവനാണ് കര്‍ഷകന്‍ എന്ന് ഭട്ട് അടിവരയിടുന്നു. നല്ല വിദ്യാഭ്യാസം ഉണ്ടെങ്കില്‍ കുറെ കൂടി മികച്ച കര്‍ഷകനാവാം എന്നും അദ്ദേഹം പറയുന്നു. 
മലയാള സാഹിത്യ ചരിത്രം കന്നടയിലെഴുതിയ, അവിടെ തകഴിയുടെ സ്ഥാനത്തുള്ള കവി ദിവംഗതനായ ഡോ. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ വീടും എഴുത്തുമുറിയും സന്ദര്‍ശിക്കാനായത് വേറിട്ട അനുഭവമായി. ബദിയടുക്ക നൂജിയില്‍ കാണപ്പെടുന്ന പീരങ്കിയുണ്ട മരം അഥവാ നാഗചെമ്പകം സഞ്ചാരികള്‍ കണ്ടത് അമ്പരപ്പോടെയാണ്. ഒരൊറ്റ ദിവസം ആയിരം പൂക്കള്‍ വരെ കാണാം. രാത്രിയും പുലര്‍കാലത്തും രൂക്ഷ ഗന്ധം പരത്തും. ഒരു ചെടിയില്‍ 100 മുതല്‍ 150 വരെ കായകള്‍ കാണാം. ബാളുകള്‍ പാകപ്പെട്ടുവരാന്‍ ഒരു വര്‍ഷം മുതല്‍ 18 മാസം വരെ എടുക്കുന്നു.
ബദിയടുക്ക ഒന്യടുക്കയിലെ ഖണ്ടിഗെ തറവാട്. ഉദ്ദേശം 90 വര്‍ഷം പഴക്കം. മൂന്നു നിലകളിലായി പണിത മാളിക ഇന്നും കാര്യമായ കേടുപാടുകള്‍ ഇല്ലാതെ നില നില്‍ക്കുന്നു. ഇരുണ്ട ഇടനാഴികളും മരക്കോണികളുടെ അടിയിലൂടെ കയറാവുന്ന ഒളിമുറികളും ഗൃഹാതുരമായ അനുഭവം സമ്മാനിക്കുന്നു. 60 - 70 അംഗങ്ങള്‍ കൂട്ടുകുടുംബ വ്യവസ്ഥയില്‍ താമസിച്ചിരുന്ന വീടാണിത്. ഖണ്ടിഗേയുടെ ഓഫീസ് മുറി, ലൈബ്രറി എന്നിവ ഇപ്പോഴും അതേപടി സൂക്ഷിച്ചിരിക്കുന്നു. 
നൂറിലേറെ പേര്‍ക്ക് സദ്യ നല്കാവുന്ന കൊട്ടളം. ക്വിന്റല്‍ കണക്കില്‍ അടക്ക സൂക്ഷിക്കുന്ന ഗുദാമുകള്‍. നരിചീറിനും മരപ്പട്ടിക്കും പാര്‍ക്കാന്‍ മൂന്നാം നിലയിലെ മോന്തായം. മരക്കോണി കയറാന്‍ കൃത്യമായ ഇടകളില്‍ കെട്ടുകളിട്ട വടം. ജോലിക്കാര്‍ക്ക് പാര്‍ക്കാന്‍ വേറെ തന്നെ ഇടം. വാരന്തകളെ ഭദ്രമാക്കുന്ന തടി കൊണ്ടുള്ള കൂറ്റന്‍ ജനാലകള്‍. എമ്പാടും കാറ്റും വെളിച്ചവും കയറി വരുന്ന വായനാ മുറി. 
എടനീര്‍ അമ്പലവും ബേള ശോകമാതാ ദേവാലയവും സ്റ്റേഡിയവും ഒക്കെ കണ്ടാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബൈക്ക് യാത്രികരായ മുപ്പതോളം സഞ്ചാരികള്‍ മടങ്ങിയത്. യാത്രക്ക് ടി.എം.സി.ഇബ്രാഹിം, ബൈജു ബാബു, അത്തൂ എംകോ, റമീസ് കാസര്‍കോട്, ശംസുദ്ധീന്‍ എരിയാല്‍, സന്ദീപ് ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

keywords:Badiadukka-bike-journey-sanchari


Post a Comment

0 Comments

Top Post Ad

Below Post Ad