ദുബൈ (www.evisionnews.in): കാസര്‍കോട് ജില്ലയില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിക്കണമെന്ന ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം യാഥാര്‍ത്ഥ്യമാവാത്തതില്‍ എന്റെ ദേശം ദുബൈ കൂട്ടായ്മ ഉത്കണ്ഠ രേഖപ്പെടുത്തി. കണ്ണൂരില്‍ രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ നിലവിലിരിക്കെ ഒരെണ്ണം പോലും കാസര്‍കോട് ജില്ലയില്‍ അനുവദിക്കാത്തത് അവഗണനയാണെന്ന് യോഗം കുറ്റപ്പെടുത്തി. പയ്യന്നൂര്‍ സേവാ കേന്ദ്രത്തെ ആശ്രയിക്കുന്ന ഭൂരിഭാഗവും കാസര്‍കോട്ടുകാരാണ്. നേരത്തെ ജില്ലക്ക് അനുവദിക്കേണ്ടിയിരുന്ന സേവാ കേന്ദ്രം ചില സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദ്ദത്തില്‍ പയ്യന്നൂരിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ജനപ്രതിനിധികളുടെയും എന്റെ ദേശം കൂട്ടായ്മ അടക്കമുള്ള വിവിധ സംഘടനകളുടെയും മുറവിളികളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കാസര്‍കോട് കലക്ടറേറ്റില്‍ പാസ്പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെങ്കിലും ഒമ്പത് മാസത്തോളമായിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സേവാ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ ആദ്യപടിയായാണ് ക്യാമ്പ് നടത്തുന്നതെന്ന സൂചന ലഭിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ അത് മറന്ന മട്ടിലാണ്. ഈ അവസരത്തിലാണ് കേന്ദ്രമന്ത്രിമാരടക്കമുള്ളവരെ ബന്ധപ്പെട്ട് സേവാ കേന്ദ്രം അനുവദിക്കാനുള്ള കാമ്പയിന്‍ ഊര്‍ജിതപ്പെടുത്താന്‍ ദുബായില്‍ നടന്ന എന്റെ ദേശം സ്നേഹകൂട്ടായ്മയില്‍ തീരുമാനിച്ചത്.
കൂട്ടായ്മയുടെ ഭാഗമായി ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. വ്യവസായി യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ബഷീര്‍ കിന്നിങ്ങാര്‍ അധ്യക്ഷത വഹിച്ചു. കെസെഫ് ചെയര്‍മാന്‍ ബി.എ മഹ്മൂദ്, നിസാര്‍ തളങ്കര, ഡോ. ഷജീര്‍ ഗഫാര്‍, അന്‍വര്‍ ടി.ഇ, റാഫി റില്ലി, ഇഹ്തിഷാം, ഹിഷാം അബ്ബാസ്, ഫൈസല്‍ മുഹ്സിന്‍, അസ്ലം പി.എച്ച്, അസീസ് മിത്തടി, നൗഷാദ്, ഫൈസല്‍ കോളിക്കര, സര്‍ഫ്രാസ് കടവത്ത്, നൗഫല്‍, സമദ്, സിനാന്‍ തൊട്ടാന്‍, നാസിം, ഖലീല്‍ സംസാരിച്ചു.

Post a Comment
0 Comments