Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സ് കണ്‍സെഷന്‍ കാര്‍ഡ് ജൂണ്‍ 30 നകം : കളക്ടര്‍



കാസര്‍കോട് : (www.evisionnews.in) ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യത്തിനായി  ഈ മാസം  30 നകം പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതു വരെ അതാത്  സ്ഥാപന മേധാവികള്‍ അനുവദിക്കുന്ന കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനും അനുമതി നല്‍കി. പ്ലസ് ടു വരെ ക്ലാസ്സുകളില്‍ റഗുലറായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യത്തിന് യൂണിഫോമും വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡും മതി. ആര്‍ ടി ഒ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ നമ്പറും കണ്‍സഷന്‍ കാര്‍ഡ് സോഫ്റ്റ് വെയറും ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിന് തീരുമാനമായി.  വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഫോട്ടോയും ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റെടുത്തും രണ്ട് കോപ്പി വീതം  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികള്‍ ആര്‍ ടി ഒ ഓഫീസില്‍ ഹാജരാക്കണം. സി  ഡി യും നല്‍കണം. ഇത് പരിശോധിച്ച് ആര്‍ ടി ഒ അനുമതി നല്‍കും. ഈ മാസം 30 നകം പ്രിന്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആര്‍ ടി ഒ ഓഫീസില്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 
സെമസ്റ്റര്‍ സമ്പ്രദായമുളള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും കോഴ്‌സ് തീരുന്നത് വരെ സൗജന്യ യാത്ര അനുവദിക്കണം. വിദ്യാര്‍ത്ഥികളെ ക്യൂ നിര്‍ത്തി  ബസ്സില്‍ കയറ്റുന്ന സമ്പ്രദായം അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളും ബസ്സ് ഉടമകളും ജീവനക്കാരും  സൗഹൃദാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണം. പെരിയ ഗവ.പോളിടെക്‌നിക് കോളേജിന് മുന്നില്‍ ഓര്‍ഡിനറി ബസ്സുകള്‍ നിര്‍ത്തുന്നതിനുളള ഉത്തരവ് നടപ്പാക്കുന്നതിന് തീരുമാനിച്ചു. ജില്ലയില്‍ സ്വകാര്യ ബസ്സുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ എല്ലാ റൂട്ടുകളിലും കെ എസ് ആര്‍ ടി സി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനെ സമീപിക്കും. സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് അതത് സ്ഥാപന മേധാവികള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുന്നതായുളള പരാതി സംബന്ധിച്ച് ആര്‍ ടി ഒ അന്വേഷിക്കും. സ്വകാര്യ ബസ്സുകള്‍ക്ക് മുമ്പില്‍ ഓട്ടോറിക്ഷകളും മറ്റും സമാന്തര സര്‍വ്വീസ് നടത്തുന്നതിനെപ്പറ്റി  അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. 
യോഗത്തില്‍ ആര്‍ ടി ഒ പി എച്ച് സാദിഖലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരിയ ഗവ.പോളിടെക്‌നിക്  കോളേജ് പ്രിന്‍സിപ്പല്‍ എം ചന്ദ്രകുമാര്‍, കാസര്‍കോട് എം വി ഐ എ കെ  രാജീവന്‍, കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടര്‍ പി കുഞ്ഞിക്കണ്ണന്‍, ട്രാഫിക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്‍, ബസ്സ് ഉടമ സംഘടന പ്രതിനിധികളായ കെ ഗിരീഷ്, സി മുഹമ്മദ് കുഞ്ഞി, സത്യന്‍ പൂച്ചക്കാട്, എന്‍ എം ഹസ്സയിനാര്‍, വി എം ശ്രീപതി, എ വി പ്രദീപ്, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളായ വി വൈശാഖ്, സുഭാഷ് പാടി, ഹാഷിം ബംബ്രാണി, കെ ആര്‍ കാര്‍ത്തികേയന്‍, പി ഗിരീഷ് കുമാര്‍, ഹരിദാസ് നമ്പ്യാര്‍, അനസ് എതിര്‍തോട് എന്നിവര്‍ സംബന്ധിച്ചു. 

keywords:bus-pass-concession-june-30

Post a Comment

0 Comments

Top Post Ad

Below Post Ad