Type Here to Get Search Results !

Bottom Ad

മഴ കനിഞ്ഞില്ല ബാവിക്കരയിലെ കിണര്‍ വറ്റി; കാസര്‍കോട്ട് ജലക്ഷാമം രൂക്ഷം


കാസര്‍കോട് : (www.evisionnews.in) നഗരത്തിലും പരിസരത്തും വെള്ളം വിതരണം താറുമാറായി. ഒരാഴ്ചയിലധികമായി വെള്ളം കിട്ടാതെ ആളുകള്‍ കടുത്ത ദുരിതത്തിലാണ്. ബാവിക്കരയിലെ കിണറില്‍ വെള്ളം വറ്റിയതാണ്  വെള്ളക്ഷാമത്തിന് കാരണം.
രണ്ട് മാസത്തോളമായി ഉപ്പുവെള്ളമായതിനാല്‍ മോട്ടോര്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ക്ക് കേടുസംഭവിച്ച് പമ്പിങ് മുടങ്ങുന്നതും പതിവായിട്ടുണ്ട്.  ശക്തമായ മഴ പെയ്ത് പുഴയില്‍ നീരൊഴുക്ക് ശക്തിപ്പെടാതെ  ഇനി പമ്പിങ് നടത്താനാകില്ലെന്നാണ് വാട്ടര്‍ അതോറിറ്റി വിശദീകരണം.
സുള്ള്യയില്‍ ശക്തമായ മഴ പെയ്‌തെങ്കിലും ഇവിയെ ഡാം കെട്ടി വെള്ളം തടഞ്ഞതിനാല്‍ പയസ്വിനിയിലേക്ക് നീരൊഴുക്കില്ല കുടകു മലനിരകളില്‍  നല്ല മഴ കിട്ടിയാല്‍ മാത്രമെ കാസര്‍കോട്ടെ ഉപ്പുവെള്ളത്തിനും വെള്ളക്ഷാമത്തിനും പരിഹാരം കാണാനാകു.
വാട്ടര്‍ അതോറിറ്റി നഗരത്തിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ള ടാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് ഏക ആശ്വാസം. ചില പ്രദേശത്ത് ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അത് തികയുന്നില്ല. ഉപ്പുവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി 60 ടാങ്കാണ് സ്ഥാപിച്ചിട്ടുള്ളത്. പത്ത് ദിവസത്തിലധികമായി നഗരത്തില്‍ വെള്ളം വിതരണം നിലച്ചിട്ട്. ഇതോടെ കുളിക്കാനും അലക്കാനുമൊക്കെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. മുമ്പ് പൈപ്പിലൂടെയെത്തിയ ഉപ്പുവെള്ളം കുടിക്കാനും പാചകത്തിനുമൊഴിച്ചുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. മറ്റ് മാര്‍ഗമില്ലാത്തവര്‍ കുടിക്കാനും ഉപ്പുവെള്ളംതന്നെയാണ് ഉപയോഗിച്ചത്. ഇതുകൂടി നിലച്ചതോടെ നഗരത്തിലെ ജീവിതം ദുസഹമായി.
ക്വാര്‍ട്ടേഴ്‌സുകളിലും വാടക വീടുകളിലും താമസിക്കുന്നവരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ടാങ്കറിലോ, വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിലോ വെള്ളമെത്തുന്നതുംകാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്ര കടുത്ത ജലക്ഷാമം നഗരത്തില്‍ നേരിടുന്നത്. വാട്ടര്‍ അതോറിറ്റി വെള്ളം പമ്പുചെയ്യാന്‍ ദിവസങ്ങള്‍ പിടിക്കുമെന്നുതന്നെയാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.


Keyword: Water-kasaragod-

Post a Comment

0 Comments

Top Post Ad

Below Post Ad