Type Here to Get Search Results !

Bottom Ad

വിജയമുറപ്പിച്ച് നെല്ലിക്കുന്ന്, പിടിച്ചെടുക്കാന്‍ തന്ത്രി, ആത്മവിശ്വാസത്തോടെ അമീന്‍


കാസര്‍കോട്:(www.evisionnews.in) മുസ്ലിം ലീഗിന്റെ കോട്ടയില്‍ ആര്‍ക്കും വിള്ളലേല്‍പ്പിക്കാനാവില്ലെന്ന പ്രഖ്യാപനവുമായി കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് വിജയമുറപ്പിച്ച് രണ്ടാമതൊരിക്കല്‍ കൂടി ജനവിധി തേടുമ്പോള്‍ മണ്ഡലം പിടിച്ചെടുത്ത് താമരവിരിയിക്കാന്‍ ഹിന്ദുഐക്യ വേദി നേതാവ് കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥി രവീശതന്ത്രി പതിനെട്ടടവും പയറ്റുന്നു. ഇവര്‍ക്കൊപ്പമെത്താനാവില്ലെങ്കിലും പതിറ്റാണ്ടുകളായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന മുന്നണിയാണ് എല്‍.ഡി.എഫ് എന്ന പേരുദോഷം മാറ്റാന്‍ ആത്മവിശ്വാസത്തോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ എഎ അമീനും രംഗത്തിറങ്ങിയതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂട് മുമ്പെങ്ങുമില്ലാത്ത വിധം ആളിക്കത്തുകയാണ്. 
എന്തുതന്നെയായാലും വിജയം തനിക്കൊപ്പമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍.എ നെല്ലിക്കുന്ന്. ആദ്യ ഘട്ടം യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നുവെങ്കിലും മുസ്ലിംലീഗ് സംസ്ഥാന നേതാവ് അബ്ദുല്‍ റഹ്മാന്‍ കല്ലായി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്തതോടെ ചുവടുപിഴക്കാതെയും പഴുതുകളടച്ചുമുള്ള പ്രചാരണമാണ് ഇപ്പോള്‍ യു.ഡി.എഫ് നിര്‍വഹിക്കുന്നത്. വീടുകളിലും ആരാധനാ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും നെല്ലിക്കുന്ന് നിറഞ്ഞു നില്‍ക്കുകയാണ്. മതേതര വോട്ടുകള്‍ തനിക്കൊപ്പമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന നെല്ലിക്കുന്ന് പാര്‍ട്ടി വോട്ടുകളിലും വിള്ളലുണ്ടാകില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞു. നീറുന്ന ഉപ്പുവെള്ള പ്രശ്‌നവും ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജിന്റെ പരിതാപകരമായ അവസ്ഥയും വൈദ്യുതി പ്രശ്‌നവും ജനറല്‍ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം പദ്ധതി പാളിയതും യുഡിഎഫിന് തലവേദനയാവുന്നുവെങ്കിലും ഇതെല്ലാം മറികടക്കാനാവുമെന്ന മനക്കരുത്തോടെയാണ് നെല്ലിക്കുന്ന് മുന്നേറുന്നത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശതന്ത്രിയാകട്ടെ, മണ്ഡലത്തില്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിനാണ് തുടക്കം മുതല്‍ ശ്രദ്ധപുലര്‍ത്തിവരുന്നത്. ആര്‍എസ്എസിന്റെ നോമിനിയാണ് തന്ത്രി. തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ആദ്യം പുരികം ചുളിച്ച കോണുകള്‍ ഇപ്പോഴില്ല. എങ്കിലും ആര്‍എസ്എസിന്റെ കാര്യവാഹകന്മാരാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മണ്ഡലത്തിലെത്തിയതും തന്ത്രിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഹൈന്ദവേതര ആരാധനാലയങ്ങളെയും ഗ്രൂപ്പുകളെയും തന്ത്രി സമീപിക്കുന്നത് ഇഷ്ടപ്പെടാത്ത വിഭാഗവും ബിജെപിയിലുണ്ട്. കാറഡുക്ക, ബെള്ളൂര്‍, ബദിയടുക്ക, മധൂര്‍ പഞ്ചായത്തുകളിലെ ഭൂരിപക്ഷമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. ഈ പഞ്ചായത്തുകളില്‍ പോളിംഗ് ഉയര്‍ന്നാല്‍ വന്‍ ഭൂരിപക്ഷം നേടി യുഡിഎഫിന്റെ വോട്ടുകോട്ടകളെ കവച്ചുവയ്ക്കാമെന്ന് ബിജെപി നേതൃത്വം കരുതുന്നത്. 
ഇടതുമുന്നണിക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് ലഭിച്ച മണ്ഡലങ്ങളിലൊന്ന് എന്ന പേരുദോഷമായിരുന്നു 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കാസര്‍കോട്ട് നേരിടേണ്ടിവന്നത്. 16,467 വോട്ടുകളായിരുന്നു ഐഎന്‍എല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇത്തവണ പേരുദോഷങ്ങളെല്ലാം മാറ്റി അത്ഭുതം സൃഷ്ടിക്കാനാണ് ഐഎന്‍എല്ലിന്റെയും എല്‍ഡിഎഫിന്റെയും ശ്രമം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാല്‍ലക്ഷത്തോളം വോട്ട് നേടാനായെന്നതും എല്‍ഡിഎഫ് എടുത്തു പറയുന്നുണ്ട്. 
ഡോ. എ.എ.അമീനും സംഘവും പ്രചാരണ തന്ത്രങ്ങളിലും വോട്ടര്‍മാരെ നേരില്‍ കാണുന്നതിലും മറ്റ് രണ്ടു മുന്നണികള്‍ക്കും ഒപ്പമെത്തിയെന്ന് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ബൂത്തുകളില്‍ ഇരിക്കാന്‍ പോലും അംഗങ്ങളില്ലാത്ത അവസ്ഥയില്‍ നിന്ന് ഏറെ മാറിയെന്ന് പ്രവര്‍ത്തകരും സമ്മതിക്കുന്നു. അമീന്റെ പ്രചാരണം നേരിട്ടേറ്റടുത്ത് നടത്തുന്നത് സിപിഎം ഓഫീസായ മാര്‍ക്‌സ് ഭവനാണ്. 


Post a Comment

0 Comments

Top Post Ad

Below Post Ad