തിരുവനന്തപുരം: (www.evisionnews.in) ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം മട്ടന്നൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ പി ജയരാജന്. സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജന്‍ 43,381 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി പ്രശാന്തിനെ തോല്‍പ്പിച്ചത്.
ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനം കല്യാശേരിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി ടി വി രാജേഷിനാണ്. 42,891 വോട്ടുകള്‍ക്കാണ് ടി വി രാജേഷ് യുഡിഎഫിലെ അമൃതാ രാമകൃഷ്ണനെ തോല്‍പ്പിച്ചത്. കൊട്ടാരക്കരയില്‍ മല്‍സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷാ പോറ്റിക്കാണ് ഭൂരിപക്ഷത്തില്‍ മൂന്നാം സ്ഥാനം. കോണ്‍ഗ്രസ് യുവനേതാവ് സവിന്‍ സത്യനെ 42,632 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊട്ടാരക്കരയില്‍ അയിഷാ പോറ്റിയുടെ മൂന്നാം വിജയം. കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ്(42,256), തളിപ്പറമ്പിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയിംസ് മാത്യൂ(40,617), ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബി സത്യന്‍(40,383) പയ്യന്നൂരില്‍ മല്‍സരിച്ച ഇടതു സ്ഥാനാര്‍ത്ഥി സി കൃഷ്ണന്‍(40,263), തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ ജോസഫ്(40,163), എന്നിവരാണ് ഭൂരിപക്ഷ കണക്കില്‍ 40000 പിന്നിട്ട മറ്റു സ്ഥാനാര്‍ത്ഥികള്‍.
പുതുപ്പള്ളിയില്‍ മല്‍സരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 27,092 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍ 27,142 വോട്ടുകള്‍ക്കാണ് ഇത്തവണയും മലമ്പുഴ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് വരുന്നത്. ധര്‍മ്മടത്ത് സിപിഐഎം പിബി അംഗം പിണറായി വിജയന്റെ വിജയം 36,905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
വടക്കാഞ്ചേരിയിലെ ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവെ തന്നെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം മഞ്ചേശ്വരത്ത് ത്രികോണ മല്‍സരത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുള്‍ റസാഖിനാണ്. വെറും 89 വോട്ടുകള്‍ക്കാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ പി ബി അബ്ദുള്‍ റസാഖ് ജയിച്ചുകയറിയത്. വടക്കാഞ്ചേരിയില്‍ മൂന്നു വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര ജയിച്ചെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും, ഒരു വോട്ടിങ് മെഷീന്‍ തകരാറിലായതോടെ ഇവിടുത്തെ ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 960 വോട്ടുകളുള്ള മെഷീന്‍ ആണ് തകരാറിലായിരിക്കുന്നത്.
Keywords: State, Majority, EP JayaRajan, P.B Abdul Razaq

Post a Comment
0 Comments