തിരുവനന്തപുരം (www.evisionnews.in): പുതിയ ഇടതു മുന്നണി മന്ത്രി സഭയില്‍ മുഖ്യഘടക കക്ഷിയായ സിപിഐ മന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുന്നത് കാഞ്ഞങ്ങാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളിലൊരാളായ ഇ. ചന്ദ്രശേഖരനെയാണെന്ന് ഏതാണ്ടുറപ്പായി. ചന്ദ്രശേഖരന് പിന്നിലായിരിക്കും വി.എസ് സുനില്‍ കുമാര്‍ (തൃശൂര്‍), പി. തിലോത്തമന്‍ (ചേര്‍ത്തല), പി. രാജു(പുനലൂര്‍) എന്നിവര്‍.
കഴിഞ്ഞ വി.എസ്. സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന സി. ദിവാകരനും മുല്ലക്കര രത്നാകരനും ഇത്തവണയും വിജയിച്ചു വന്നിട്ടുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് പാര്‍ട്ടിയില്‍ ഉയരുന്ന ചര്‍ച്ചകള്‍. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അനഭിമതനാണെങ്കിലും സി. ദിവാകരന് ഒരു തവണ കൂടി മന്ത്രിയായി നറുക്ക് വീഴുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ തിലോത്തമനോ രാജുവോ ഒരാള്‍ക്ക് സാധ്യത മങ്ങും. വനിതാ പ്രാതിനിധ്യത്തിനാണ് മുന്‍ഗണനയെങ്കില്‍ ഇ.എസ് ബിജിമോള്‍ക്കാണ് മുന്‍തൂക്കം. മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടെ മകള്‍ ശാരദാ മോഹന്‍ വിജയിച്ചിരുന്നുവെങ്കില്‍ പുതിയ മന്ത്രി സഭയില്‍ ഒരു പികെവി ടച്ചിന് വേണ്ടി അവരെ മന്ത്രിയാക്കുമായിരുന്നു.
പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള തൃശൂര്‍ ജില്ലയില്‍ നിന്ന് ഒരാള്‍ മന്ത്രിയാകുമെന്ന് ഉറപ്പാണ്. ഇതാണ് സുനില്‍ കുമാറിന്റെ സാധ്യത ഇരട്ടിപ്പിക്കുന്നത്. പി. രാജുവിന് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദേശിക്കും. ചിറയിന്‍കീഴ് എം.എല്‍.എ വി. ശശിയുടെ പേരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. രാജുവിനെ പരിഗണിച്ചില്ലെങ്കില്‍ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്റെ (കരുനാഗപ്പള്ളി) പേര് ഉയര്‍ന്നുവരും
Post a Comment
0 Comments