പാലാ (www.evisionnews.in): പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.സി. ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) പാലാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഉദ്ഘാടകനായി ജോര്‍ജ് പങ്കെടുത്തത്. ഇത് പുതിയ രാഷ്ട്രീയവിവാദത്തിനും തിരിതെളിക്കും.
പൂഞ്ഞാറില്‍ എല്‍.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് താന്‍ മത്സരിക്കുന്നതെന്ന പി.സി. ജോര്‍ജിന്റെ പ്രഖ്യാപനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പാലായിലെ വോട്ട് അഭ്യര്‍ത്ഥന. പൂഞ്ഞാറില്‍ ജോര്‍ജിനെ ഇടതുപക്ഷ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന തീരുമാനം പിണറായി വിജയന്റേതായിരുന്നു. പിണറായി നിലപാട് കടുപ്പിച്ചതോടെയാണ് ജോര്‍ജിന് സീറ്റ് നഷ്ടമായതും. പിന്നീട് ജോര്‍ജിനുവേണ്ടി സി.പി.എമ്മിലെ ഒരുവിഭാഗം പൂഞ്ഞാറില്‍ സജീവമായി രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു തവണ പൂഞ്ഞാറിലെത്തിയ പിണറായി ജോര്‍ജിന് അനുകൂല നിലപാട് സ്വീകരിച്ച സി.പി.എം നേതാക്കളെ പരസ്യമായി ശാസിക്കുകയും ജോര്‍ജ് വിജയിച്ചാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയുമുണ്ടായി.
എന്നാല്‍ എതിര്‍പ്പ് പിണറായി വിജയന് മാത്രമേയുള്ളൂവെന്നും വി.എസ് അച്യുതാനന്ദനടക്കമുള്ള നേതാക്കളുടെ പിന്തുണയോടെയാണ് താന്‍ മത്സരിക്കുന്നതെന്നുമായിരുന്നു ജോര്‍ജിന്റെ നിലപാട്. ഇത് ശരിവയ്ക്കുന്ന വിധത്തില്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ അരമണിക്കൂറിലേറെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ച വിഎസ് പൂഞ്ഞാറില്‍ പ്രസംഗം ഒരു മിനിറ്റില്‍ ഒതുക്കിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജോര്‍ജ് പാലായിലെ ഇടത് സ്ഥാനാര്‍ഥിക്കുവേണ്ടി രംഗത്തിറങ്ങിയത്. പ്രസംഗത്തിലുടനീളം പി.സി. ജോര്‍ജ് കെ.എം. മാണിക്കെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമെയ്തു. കെ എം മാണി കര്‍ഷക ദ്രോഹിയാണെന്നും ഭൂനികുതി വര്‍ധിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചെന്നും സ്വര്‍ണക്കച്ചവടക്കാരും കള്ളക്കച്ചവടക്കാരുമാണ് മാണിയുടെ ഭരണത്തില്‍ നേട്ടമുണ്ടാക്കിയതെന്നുമൊക്കെ ജോര്‍ജ് കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തിന് കൂട്ടുനിന്നത് തനിക്ക് പറ്റിയ അബദ്ധമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കച്ചവടം പഠിക്കാനായതു മാത്രമാണ് ഏക നേട്ടം. പാലായിലെ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളും കര്‍ഷകനെ കണ്ണീര് കുടിപ്പിക്കുകയാണ്. പാലാഴി ടയേഴ്സിനു വേണ്ടി പിരിച്ചെടുത്ത പണം എവിടെയെന്ന് മാണി വ്യക്തമാക്കണം.
ജോസ് കെ മാണിക്കു വേണ്ടി മാണി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റുകൊടുക്കുകയാണ്. മാണി സി കാപ്പന്‍ വിജയിക്കാന്‍ അര്‍ഹതയുള്ള സ്ഥാനാര്‍ഥിയാണന്നും പി സി ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ മുന്‍ ഡി സി സി സെക്രട്ടറി സാബു ഏബ്രാഹം, സെബി പറമുണ്ട, വിനോദ് വേരനാനി, പി കെ ഹസന്‍ കുട്ടി പ്രസംഗിച്ചു.
Post a Comment
0 Comments