അഡൂര്‍ (www.evisionnews.in): ദേലംപാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സാ സൗകര്യമേര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ ഏക പൊതുചികിത്സാ കേന്ദ്രമാണിത്. ദിവസേന നൂറുകണക്കിന് പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ കിടത്തി ചികിത്സാ സൗകര്യമുള്ള ഒരു ആശുപത്രിക്ക് ഇന്നാട്ടുകാര്‍ക്കു 15 കിലോമീറ്ററിലേറെ സഞ്ചരിച്ചു മുള്ളേരിയയിലോ സുള്യയിലോ എത്തണം. സര്‍ക്കാര്‍ ആശുപത്രി ആണെങ്കില്‍ 45 കിലോമീറ്ററിലെറെ സഞ്ചരിച്ചു കാസര്‍കോട്് ജനറല്‍ ആശുപത്രിയിലാണ് എത്തേണ്ടത്.
അമ്പതിലേറെ പിന്നാക്ക വിഭാഗ കോളനികളുള്ള പഞ്ചായത്തില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ് ഭൂരിഭാഗവും. വനാന്തര്‍ ഭാഗത്തെ കാട്ടികജെ, ചാമകൊച്ചി , ബളവന്തടുക്ക കോളനികളിലേക്ക് മതിയായ റോഡ് സൗകര്യം പോലുമില്ല. ഗര്‍ഭിണികളും കിടപ്പിലായ രോഗികളുമോക്കെയാണ് ഏറെ ബുദ്ധിമുട്ടുന്നത്.
രാത്രിയില്‍ അസുഖം മൂര്‍ച്ഛിക്കുകയോ അത്യാഹിതം സംഭവിക്കുകയോ ചെയ്താല്‍ പെട്ടത് തന്നെ. പ്രാഥമിക ചികിത്സ തേടാന്‍ പോലും ഒരിടമില്ല പഞ്ചായത്തില്‍. ഈയിടെ പാണ്ടിയിലെ യുവതി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ഓട്ടോ റിക്ഷയില്‍ പ്രസവിച്ചിരുന്നു. അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി കിടത്തി ചികിത്സ ആരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കാലങ്ങളായുള്ള ആവശ്യം പുതുതായി അധികാരമേറ്റ സര്‍ക്കാരെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
keywords: Kasaragod-adoor-phc

Post a Comment
0 Comments