ബേക്കല്‍ (www.evisionnews.in): കാറിടിച്ച് മത്സ്യതൊഴിലാളി മരിച്ചത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചും സംസ്ഥാന പാതയിലെ അപകടസാധ്യത ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ബേക്കല്‍ പാലം മുതല്‍ തൃക്കണ്ണാട്ട് വരെ ഞായറാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ ആറിനു തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറുവരെ തുടരും. ഹര്‍ത്താലിനെ തുടര്‍ന്ന് ചന്ദ്രഗിരി പാത വഴിയുള്ള വാഹനങ്ങളെ പാലക്കുന്നില്‍ നിന്ന് തച്ചങ്ങാട് ബേക്കല്‍ ഭാഗത്തേയ്ക്കു തിരിച്ചു വിട്ടു.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ ബേക്കല്‍പാലം രാമഗുരുമഠത്തിനടുത്ത് നടന്ന അപകടത്തില്‍ പൂമാല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ രമാകാന്തന്റെ മകന്‍ ദിലീപ് കുമാറാ (22)ണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്ന ദിലീപിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.
അപകട വിവരമറിഞ്ഞ് കടലോരത്തെ മത്സ്യതൊഴിലാളികള്‍ സ്ഥലത്തെത്തി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. പോലീസെത്തി അനുനയിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിച്ചില്ല. അപകടത്തിനു ഇടയാക്കിയ കാര്‍ സ്ഥലത്തു നിന്നു മാറ്റാനുള്ള ശ്രമവും നാട്ടുകാര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തുകയും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു. രാവിലെ പോലീസ് നാട്ടുകാരുമായി വീണ്ടും ചര്‍ച്ച നടത്തിയ ശേഷമാണ് അപകടത്തിനു ഇടയാക്കിയ കാര്‍ സ്ഥലത്തു നിന്നു നീക്കാന്‍ അനുവദിച്ചത്.

Post a Comment
0 Comments