കാസര്‍കോട് (www.evisionnews.in): പതിനാറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നാളെ. ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും ഇടതുവലതു മുന്നണികളും എന്‍ഡിഎയും തലപുകച്ച് കൂട്ടിയും കിഴിച്ചും വിജയത്തിന്റെ മധുരക്കണക്കുകള്‍ ഉണ്ണുകയാണ്. വിവിധ മണ്ഡലങ്ങളിലെ മികച്ച പോളിംഗ് ശതമാനം ഇടതുവലതു മുന്നണികളും എന്‍ഡിഎയും തങ്ങളുടെ വിജയ സൂചനയായാണ് അവകാശപ്പെടുന്നത്.
2006ല്‍ ഇടതുപക്ഷം മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുത്തപ്പോഴും തുടര്‍ന്നും രണ്ടാം സ്ഥാനത്തു വന്ന ബിജെപി ഇക്കുറി വടക്കന്‍ കേരളത്തില്‍ കെ. സുരേന്ദ്രനിലൂടെ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ വികസന നേട്ടങ്ങളുടെ അഞ്ചു വര്‍ഷം തനിക്കു വീണ്ടും വിജയം സമ്മാനിക്കുമെന്നാണ് യുഡിഎഫിന്റെ പി.ബി. അബ്ദുല്‍ റസാഖിന്റെ പ്രതീക്ഷ. സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയ ഇടതു സ്ഥാനാര്‍ത്ഥി അഡ്വ. സി.എച്ച് കുഞ്ഞമ്പുവും ഇവിടെ ജയപ്രതീക്ഷയിലാണ്.
മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ കാസര്‍കോട്ട് സിറ്റിംഗ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. അഞ്ചു വര്‍ഷം കോടികളുടെ വികസനം സമ്മാനിച്ച തന്നെ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നാണ് രണ്ടാംമങ്കത്തിനിറങ്ങിയ എന്‍.എ നെല്ലിക്കുന്ന് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപി കുണ്ടാര്‍ രവീശതന്ത്രിയെ ഇവിടെ എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ത്ഥിയായി പരീക്ഷിച്ചതുവഴി ബി.ജെ.പിയും വിജയപ്രതീക്ഷയിലാണ്. ഐഎന്‍എല്ലിലെ ഡോ.എ.എ.അമീനും നെല്ലിക്കുന്നിന് നേരിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ഉദുമയില്‍ യുഡിഎഫിലെ കരുത്തനായ കെ.സുധാകരന്‍ ഇക്കുറി വിജയം ഉറപ്പിച്ചതായാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി വോട്ടുകളൊന്നും ചോര്‍ന്നുപോയിട്ടില്ലെന്ന് സീറ്റ് തങ്ങള്‍ നിലനിര്‍ത്തുമെന്നാണ് മണ്ഡലത്തിലെ എംഎല്‍എ കെ.കുഞ്ഞിരാമന്റെ അവകാശവാദം.
ബിജെപി തങ്ങളുടെ പരമാവധി വോട്ടുകള്‍ സ്വരൂപിക്കാന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തിനെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നതും എന്‍ഡിഎയുടെ പ്രതീക്ഷകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. എന്നാല്‍ ബി.ജെ.പിയുടെ കുറച്ചുവോട്ടുകള്‍ സുധാകരന് അനുകൂലമായിട്ടുണ്ടാകും എന്നുകരുതുന്നവരും കുറവല്ല.
സ്ഥിരമായി എല്‍ഡിഎഫ് വിജയിച്ചുപോരുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിലാകട്ടെ ഇക്കുറി സിറ്റിംഗ് എംഎല്‍എ ഇ. ചന്ദ്രശേഖരനോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി. ഗംഗാധരന്‍നായരുടെ മകള്‍ ധന്യാ സുരേഷിനെ ഇറക്കിയാണ് പരീക്ഷിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലെ ആലസ്യം അവസാനമായപ്പോഴേക്കും മാറിയെങ്കിലും കാഞ്ഞങ്ങാട് മുനിസിപ്പിലിറ്റി പോലെയുള്ള ചില മേഖലകളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ല. തകര്‍ന്ന്കിടക്കുന്ന ജില്ലയിലെ കോണ്‍ഗ്രസ് സംവിധാനത്തിന് മാറ്റം വരാതെ യു.ഡി.എഫിന് ഇനി കരുത്ത് കാണിക്കാന്‍ കഴിയില്ല.
എന്‍ഡിഎ സഖ്യ കക്ഷിയായ ബിഡിജെഎസിനു നല്‍കിയ സീറ്റില്‍ പ്രവാസിയായ എം.പി.രാഘവനാണ് ജനവിധി തേടിയത്. എന്നും ഇടതിനൊപ്പം മാത്രം നിലയുറപ്പിച്ച തൃക്കരിപ്പൂരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി കുഞ്ഞിക്കണ്ണനെയാണ് സീറ്റി പിടിച്ചെടുക്കാന്‍ കെപിസിസി നിയോഗിച്ചത്. മലയോര പഞ്ചായത്തുകളിലെ ഉയര്‍ന്ന പോളിംഗ് തന്റെ വിജയം സുനിശ്ചിതമാക്കിയെന്നാണ് കെ.പി.കുഞ്ഞിക്കണ്ണന്റെ അവകാശവാദം. എന്നാല്‍ യുവാക്കളുടേതുള്‍പ്പെടെയുള്ള വോട്ടുകള്‍ തനിക്ക് അനുകൂലമായി ഇടതു വിജയം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കാനാകുമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. രാജഗോപാല്‍ മനസിലാക്കുന്നത്.

Post a Comment
0 Comments