കോഴിക്കോട് (www.evisionnews.in): വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു. ബി.എസ്.എഫ് ക്യാമ്പ് ഇന്‍സ്ട്രക്ടര്‍ രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ (45)യാണ് മരിച്ചത്. പയ്യോളി ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ഇസ്ലാമിക് അക്കാദമി സ്‌കൂളിലെ ക്യാമ്പില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ക്യാമ്പിലുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റാണ് മീണ മരിച്ചത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉമേഷ്പാല്‍ സിംഗാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഉമേഷ്പാല്‍ സിംഗിനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. അവധി അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു.
രാത്രി ക്യാമ്പില്‍ നിന്ന് വെടിയൊച്ച കേട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഉടന്‍ പോലീസ് സ്ഥലത്തെത്തി ക്യാമ്പ് വളഞ്ഞു. കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
Post a Comment
0 Comments