കാസര്‍കോട് (www.evisionnews.in): പരമ്പരാഗത ബേക്കറികളില്‍ നിര്‍മിച്ച് വിപണനം ചെയ്തിരുന്ന ബ്രഡ്ഡും ബണ്ണും കടകളില്‍ നിന്ന് മറഞ്ഞതോടെ വില്‍പ്പനക്ക് പത്രാസുള്ള പായ്ക്കറ്റുകളിലെത്തിയ ബ്രഡ്ഡിനും ബണ്ണിനും വിഷമയമാണെന്ന വാര്‍ത്ത പരന്നതോടെ നാടന്‍ ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യത ഇരട്ടിച്ചു. തലശ്ശേരിയില്‍ നിന്ന് സംസ്ഥാനമൊട്ടുക്കും പരന്ന ബേക്കറികളിലാണ് അന്നന്ന് ബ്രഡ്ഡും ബണ്ണും ഉണ്ടാക്കി വിതരണം ചെയ്തിരുന്നത്. കാസര്‍കോട്ടും തലശ്ശേരിക്കാര്‍ക്കാണ് ബേക്കറികളുടെ ആദ്യകാലകുത്തക. എന്നാല്‍ ഭക്ഷ്യോല്‍പ്പന്നങ്ങളും ബേക്കറി സാധനങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചതോടെയാണ് പച്ചക്കറികളെ പോലെ ഇതിലും വിഷമയം പരന്നത്.
കാസര്‍കോട്ടെ ബെസ്റ്റ് ബേക്കറിയിലെ ബണ്ണ് ഇന്നും പഴയ തലമുറക്ക് മധുരിക്കുന്ന ഓര്‍മയാണ്. പ്രവീണിലെയും പ്രേമയിലെയും ബ്രഡ്ഡിന്റെ പെരുമയും കാസര്‍കോട്ടെ ചരിത്രമാണ്. പ്രവീണും പ്രേമയും ഇന്നും നഗരത്തില്‍ നിലനില്‍ക്കുന്നുണ്ട്. ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയാണ് വിഷംകലര്‍ന്ന ബ്രഡ്ഡും ബണ്ണും റസ്‌കും ബട്ടറും വിപണിയിലെത്തിയത്. മിക്‌സച്ചറില്‍ പോലും ആരോഗ്യത്തിന് ഹാനീകരമായ പദാര്‍ത്ഥങ്ങള്‍ ചേരുവയായി ഉണ്ടെന്നാണ് പുതിയ വിവരം. ഇതിനെതിരെ ബേക്കേഴ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ബേക്കറികളില്‍ നിര്‍മിക്കുന്ന ബ്രഡ്ഡും ബന്നും പരമാവധി 48 മണിക്കൂര്‍ മാത്രമേ വില്പനയ്ക്കായി വെക്കുന്നുള്ളൂവെന്ന് അസോസിയേഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുത്തക കമ്പനികള്‍ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങളാണ് ആഴ്ചകളോളം വിപണിയില്‍ നിലനില്ക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതുകൊണ്ടാണിത്. വന്‍കിട കമ്പനികളെയും ഇവിടുത്തെ ബേക്കറികളിലുണ്ടാക്കുന്നവയും ഒരു പോലെ കാണരുത്. അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ ഇവിടത്തെ ബേക്കറി ഉത്പന്നങ്ങളുടെ വില്പനയെയും ബാധിക്കുകയാണെന്നതില്‍ ഭീതിയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ബേക്കേഴ്സ് അസോസിയേഷനില്‍ അംഗങ്ങളായവരുടെ ബേക്കറികളില്‍ മൈദയും വനസ്പതിയും പഞ്ചസാരയുമാണ് ഉപയോഗിക്കുന്നത്. ബ്രഡ്, ബന്ന്, റസ്‌ക്, പ്ലം കേക്ക്, ടീ കേക്ക് തുടങ്ങിയ നാടന്‍ പലഹാരങ്ങള്‍ ഗുണമേന്മയുള്ളതാണ്. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ.രാജീവന്‍, സെക്രട്ടരി വിനോദ് സോമി, സംസ്ഥാന വൈസ് പ്രസിഡന്റ് സി. അമ്പുരാജ്, കെ. പ്രഭാകര പൈ, എം.കെ മൂസാന്‍ പങ്കെടുത്തു.
Post a Comment
0 Comments