കാസര്‍കോട്: (www.evisionnews.in)മഞ്ചേശ്വരത്ത് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരിക്കുന്നതെന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പ്രസ്ഥാവിച്ചു. മണ്ഡലത്തില്‍ യു.ഡി.എഫാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയും മൂന്നാം സ്ഥാനത്ത് സി.പി.എമ്മുമാണ്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് ഇവിടെ മത്സരമെന്ന സി.പി,എമ്മിന്റെ പ്രസ്ഥാവന ബി.ജെ.പിയെ സഹായിക്കാനും മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുമാണ്. യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ മത്സരിക്കുമ്പോള്‍ മതേതരവിശ്വാസികളുടെ വോട്ട് യു.ഡി.എഫിന് അനുകൂലമായി കിട്ടും. അതൊഴിവാക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ മത്സരിക്കുന്നുവെന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. മഞ്ചേശ്വരത്തെ മതേതര വോട്ടര്‍മാര്‍ ഈ പ്രസ്ഥാവനയില്‍ വഞ്ചിതരാവരുത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എടനീര്‍ ഡിവിഷനില്‍ മത്സരിച്ച ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്തിന് പൂര്‍ണ്ണമായി വോട്ടു ചെയ്തു വിജയിപ്പിച്ചത് സി.പി.എമ്മാണ്. ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ അംഗബലം കുറക്കാനും എല്‍.ഡി.എഫ് അധികാരത്തില്‍ വരാനുമാണ് ബി.ജെ.പിക്ക് വോട്ടു ചെയ്തത്. ബി.ജെ.പിയെ എക്കാലവും സഹായിക്കുന്നത് സി.പി.എമ്മാണ്. ഖമറുദ്ദീന്‍ പറഞ്ഞു.

Post a Comment
0 Comments