Type Here to Get Search Results !

Bottom Ad

വെടിക്കെട്ട് അനുമതിക്ക് സമ്മര്‍ദ്ദം ചെലുത്തിയത് മുന്‍ എം.പി പീതാംബരക്കുറുപ്പെന്ന് പരാതിക്കാരി


കൊല്ലം: (www.evisionnews.in) പരവൂരില്‍ ദുരന്തത്തില്‍ കലാശിച്ച വെടിക്കെട്ടിന് 'ഇല്ലാത്ത' അനുമതി നേടിക്കൊടുത്തത് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ പി. പീതാംബരക്കുറുപ്പാണെന്ന് വെടിക്കെട്ട് നടത്തുന്നതിനെതിരെ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്ന പങ്കജാക്ഷിയുടെ വെളിപ്പെടുത്തല്‍. 

കമ്പമത്സരമല്ല വെടിക്കെട്ടാണെന്ന് വരുത്തി തീര്‍ക്കാനാണ് പീതാംബരകുറുപ്പ് ശ്രമിച്ചത്. വെടിക്കെട്ട് എന്നാണ് പറഞ്ഞിരുന്നത്. മത്സരക്കമ്പം എന്നു പറഞ്ഞിരുന്നില്ല. പിന്നീട് അച്ചടിച്ച നോട്ടീസില്‍ മാത്രമാണ് മത്സരക്കമ്പം എന്നു പറയുന്നതെന്നും പങ്കജാക്ഷി വിശദീകരിച്ചു. വെടിക്കെട്ട് നടക്കുന്നതിന്റെ 25 മീറ്റര്‍ മാത്രം മാറിയാണ് പരാതിക്കാരിയായ പങ്കജാക്ഷിയുടെ വീട് സ്ഥിതിചെയ്യുന്നത്. 

മുന്‍വര്‍ഷങ്ങളിലെ കമ്പത്തില്‍ വീടിന് സാരമായ കേടുപാട് സംഭവിച്ചതായിരുന്നു പങ്കജാക്ഷിയുടെ പരാതിക്ക് ആധാരം. വെടിക്കെട്ട് മത്സരത്തിന് അനുമതിയില്ലാത്ത സാഹചര്യത്തില്‍ പരസ്യമായി നോട്ടീസടിച്ചാണ് വെടിക്കെട്ട് നടത്തിയത്. ക്ഷേത്രത്തില്‍ മത്സര കമ്പം ആരംഭിച്ചത് കോണ്‍ഗ്രസ് നേതാവ് എന്‍.പീതാംബര കുറുപ്പിന് നന്ദി പറഞ്ഞു കൊണ്ടാണെന്നു ചില പ്രദേശ വാസികളും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

കളക്ടര്‍ നിഷേധിച്ച മത്സരകമ്പം നടത്താന്‍ പ്രത്യേക അനുമതി വാങ്ങികൊടുത്തതിനാണ് നന്ദി പറഞ്ഞത് എന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. കലക്ടര്‍ അനുമതി നിഷേധിച്ചെങ്കിലും ക്ഷേത്രാചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് കൂടിയേ തീരൂ എന്ന സമ്മര്‍ദ്ദമുണ്ടായെന്നാണ് സൂചന. അനധികൃമായാണ് വെടിക്കെട്ട് നടന്നതെങ്കില്‍ രാത്രി 11.45 മുതല്‍ ദുരന്തമുണ്ടായ പുലര്‍ച്ചെ 3 വരെ അധികൃതര്‍ എന്തുകൊണ്ട് തടഞ്ഞില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. ദുരന്തത്തില്‍ പൊലീസുകാരും മരിച്ചിട്ടുണ്ട്.


keywords: paravoor-tragedy-x-congress-mp-peedambarakkurup
Tags

Post a Comment

0 Comments

Top Post Ad

Below Post Ad