Type Here to Get Search Results !

Bottom Ad

കിട്ടു ഇനി വോട്ട് ചെയ്യും


കാസര്‍കോട്.(www.evisionnews.in)ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ എല്ലാവരും വോട്ട് ചെയ്യുമ്പോള്‍ വേറിട്ട് നില്‍ക്കാന്‍ വേണ്ടി കാലങ്ങളായി വോട്ടെടുപ്പില്‍ നിന്നും മാറി നിന്ന കിട്ടു ഇനി വോട്ട് ചെയ്യും. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗായി ജില്ലാഭരണകൂടം സംഘടിപ്പിച്ച തെരുവുനാടകത്തിലെ കഥാപാത്രമായ കിട്ടുവിനാണ് മനം മാറ്റമുണ്ടായത്. ലോകസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബുദ്ധിജീവിയായി ആളാവുകയായിരുന്നു കിട്ടു. ഇദ്ദേഹത്തെയാണ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയിലെ പ്രധാന കഥാപാത്രമായ “സമ്മതിദായകന്‍” വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മനം മാറ്റമുണ്ടാക്കിയത്. വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന മത്തായിയും കൂഞ്ഞാലിയും വോട്ട് ചെയ്യുമ്പോള്‍ താന്‍ മാത്രം വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്നത് ശരിയല്ല എന്നും കിട്ടുവിന് ബോധ്യമായി. കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന 20 മിനുട്ട് ദൈര്‍ഘ്യമുളള ഈ തെരുവ് നാടകത്തില്‍ കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്‌സിലെ കലാകാരന്മാരായ ഭാസ്‌കരന്‍ ഇയാട്, രാജന്‍ വടക്കേക്കര, രാമചന്ദ്രന്‍ സാരംഗി, ശ്രീധരന്‍ വട്ടോളി ബസാര്‍, വിനോദ് ബാലുശ്ശേരി, രവി കുന്നുമ്മല്‍ എന്നിവരാണ് വിവിധ വേഷമിടുന്നത്.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ തെരുവ് നാടകം ഉദ്ഘാടനം ചെയ്തു. സ്വീപ് സ്‌പെഷല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ വി എ ജൂഡി, ഉദുമ വരണാധികാരി ബി അബ്ദുള്‍ നാസര്‍, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി എസ് അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട്, മഞ്ചേശ്വരം, മണ്ഡലങ്ങളിലെ ചെര്‍ക്കള ,മുളേളരിയ, ബദിയടുക്ക, കുമ്പള, ഉപ്പള, കാസര്‍കോട്, ഉദുമ എന്നീ കേന്ദ്രങ്ങളില്‍ തെരുവ് നാടകം അവതരിപ്പിച്ചു. ഇന്ന് (27) ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad