കോട്ടയം :(www.evisionnews.in) പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. ഇന്നലെ രാത്രി 10.45ന് എസ്എച്ച് മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. കുട്ടനാട്ടിലെ വെളിയനാട്ടു ജനിച്ച അത്തിക്കളം വാടയ്ക്കൽ തോപ്പിൽ വി.ടി.തോമസ് ജനഹൃദയങ്ങളിലേക്കു ചിരിവഴിവെട്ടി ടോംസ് ആയി കടന്നുചെന്നത് ബോബനെയും മോളിയെയും ഇരുകൈകളിലും ചേർത്തുപിടിച്ചായിരുന്നു.
1957ൽ മലയാള മനോരമ ആഴ്ചപ്പതിപ്പിലാണ് ‘ബോബനും മോളിയും’ കാർട്ടൂൺ ആദ്യമായി പ്രസിദ്ധീകരിച്ചത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് ആ കാർട്ടൂൺ കഥാപാത്രങ്ങൾ മലയാളികളുടെ കണ്ണിലുണ്ണികളായി പല കഥാപാത്രങ്ങളും ഈ കുട്ടികളുടെ ലോകത്തിലേക്കെത്തി. കുട്ടികളുടെ പപ്പായായി ജോലിയില്ലാവക്കീൽ പോത്തൻ, പെൺകുട്ടികളുടെ പിറകേ നടക്കുന്ന അപ്പീഹിപ്പി, മരമണ്ടൻ പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണൻ, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ...കേരളത്തിന്റെ പരിച്ഛേദമായിരുന്നു ഈ കഥാപാത്രങ്ങൾ. ചിരിയുടെ മേമ്പൊടിയും ചിന്തയുടെ നുറുങ്ങുമാണ് ഈ കഥാപാത്രങ്ങളെല്ലാം സമ്മാനിച്ചത്. ഭാര്യ: ത്രേസ്യാക്കുട്ടി. മക്കൾ: ബോബൻ, ബോസ്, മോളി, റാണി, ഡോ. പീറ്റർ, ഡോ. പ്രിൻസി


Post a Comment
0 Comments