കാസര്‍കോട് (www.evisionnews.in): ഉദുമ മണ്ഡലത്തില്‍ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ ചൊല്ലി ഡിസിസി വിളിച്ചു ചേര്‍ത്ത നേതൃയോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി പ്രസിഡണ്ടും കൊമ്പുകോര്‍ത്തു. വെള്ളിയാഴ്ച ഡിസിസി ആസ്ഥാനമായ വിദ്യാനഗറിലെ ജവഹര്‍ ഭവനിലാണ് നാടകീയരംഗം അരങ്ങേറിയത്.
പ്രസംഗത്തിനിടയില്‍ മുതിര്‍ന്ന നേതാവ് പി ഗംഗാധരന്‍ നായര്‍ കെ സുധാകരന്‍ തന്നെയാണ് ഉദുമയിലെ സ്ഥാനാര്‍ത്ഥിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ് ഡിസിസി പ്രസിഡണ്ട് സി.കെ ശ്രീധരനെ പ്രകോപിപ്പിച്ചത്. സുധാകരന്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ലെന്നും പ്രഖ്യാപനം വന്നിട്ടില്ലെന്നും ശ്രീധരന്‍ ഉച്ചത്തില്‍ പറഞ്ഞതോടെ യോഗം ശബ്ദാനമായമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇരു നേതാക്കളുടെയും വാക്‌പോര് കണ്ട് യോഗത്തില്‍ സംബന്ധിച്ചവരും അമ്പരന്നു. സുധാകരന് വേണ്ടി ഗംഗാധരന്‍ നായര്‍ ആവുന്നത്ര വാദിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ ഇടപെട്ട് അദ്ദേഹത്തെ സംസാരിക്കാനനുവദിക്കാതെ സീറ്റില്‍ ഇരുത്തുകയായിരുന്നു.
ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് സുധാകരനെ ചൊല്ലി തര്‍ക്കം മൂത്തത്. തൃക്കരിപ്പൂരിലെ സ്ഥാനാര്‍ത്ഥിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെപി കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, അഡ്വ എംസി ജോസ്, പിഎ അഷ്‌റഫലി എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. 150പേര്‍ സംബന്ധിക്കേണ്ട യോഗത്തില്‍ വെറും അമ്പതില്‍ പരം പേരാണ് യോഗത്തിലെത്തിയത്. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ ജില്ലക്കാരല്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിനെതിരെയും മഹിളകളെയും പുതുമുഖങ്ങളെയും തഴയുന്നതിനെതിരെയും യോഗത്തില്‍ വികാരമുയര്‍ന്നു.
Post a Comment
0 Comments