Type Here to Get Search Results !

Bottom Ad

കോടികള്‍ ചെലവിട്ട ചെര്‍ക്കളയിലെ ജനസംഭരണി നോക്കുകുത്തിയായി

ചെര്‍ക്കള (www.evisionnews.in): ജില്ല കുടിവെള്ള ക്ഷാമം കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ കോടികളുടെ ചെലവില്‍ ചെര്‍ക്കളയില്‍ നിര്‍മാണം തുടങ്ങിയ കുടിവെള്ളപദ്ധതി നോക്കുകുത്തി. ചെങ്കള, മുളിയാര്‍, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ എന്നീ നാലു പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് നോക്കുകുത്തിയായിരിക്കുന്നത്. കേന്ദ്രസര്‍ക്കാറില്‍ നിന്നും നബാര്‍ഡില്‍ നിന്നുമുള്ള 63 കോടി രൂപ ചെലവിലാണ് 2013ല്‍ പദ്ധതി നിര്‍മാണം തുടങ്ങിയത്. എന്നാല്‍ 2016 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന കുടിവെള്ളപദ്ധതിയുടെ പകുതിയോളം പ്രവൃത്തി മാത്രമാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. 

ഇതിനോടനുബന്ധിച്ചുള്ള ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണവും ഇതേവരെ തുടങ്ങിയിട്ടില്ല. ബാവിക്കരയില്‍ നിലവിലുള്ള ജലവിഭവ വകുപ്പിന്റെ പമ്പിംഗ് സ്റ്റേഷനുസമീപം പയസ്വിനി പുഴയില്‍ വലിയ കിണറും ജലസംഭരണികളും പ്രധാന പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ബോവിക്കാനത്ത് പഞ്ചായത്ത് ഓഫീസിന് സമീപം 24 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും ഇരിയണ്ണി, ചെര്‍ക്കള, പാറക്കട്ട, ബദിയടുക്ക എന്നിവടങ്ങളിലെ ജലസംഭരണികളുമാണ് പൂര്‍ത്തിയായത്. ബാവിക്കരയില്‍ നിന്ന് ജലസംഭരണികളിലേക്കുള്ള പ്രധാന പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. 30 കോടി രൂപ ഇതിനകം ചെലവഴിച്ചു.

ബാവിക്കര കുന്നില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കൈമാറിയ രണ്ടര ഏക്കറിലാണ് ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിദിനം 30 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനമാണ് ഇവിടെ ഒരുക്കേണ്ടത്. ഗുണഭോക്താക്കള്‍ക്ക് വെള്ളമെത്തിക്കുന്നതിന് കിലോമീറ്ററുകളോളം നീളത്തില്‍ പൈപ്പുകളും സ്ഥാപിക്കണ്ടതുണ്ട്.

അതേസമയം, പണിപൂര്‍ത്തിയായ ജലസംഭരണികള്‍ ഉപയോഗ ശൂന്യമായി കിടന്നാല്‍ നാശം നേരിടാനിടയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോടികള്‍ ചെലവൊഴിച്ച് നിര്‍മിച്ച ജലസംഭരണികള്‍ ആര്‍ക്കും ഉപകാരമില്ലാതെ നശിച്ചുപോവുമോ എന്ന ആശങ്കയിലാണ് പഞ്ചായത്ത് നിവാസികള്‍. 

Post a Comment

0 Comments

Top Post Ad

Below Post Ad