ന്യൂഡല്‍ഹി (www.evisionnews.in): രാജ്യമെങ്ങും സര്‍വകലാശാലകളില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും അസഹിഷ്ണുത്‌ക്കെതിരെയും പ്രക്ഷോഭങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിക്കണമെന്ന് ആര്‍എസ്എസ്. നാഗ്പൂരില്‍ ആരംഭിച്ച അഖിലേന്ത്യാ പ്രതിനിധി സഭയിലാണ് സര്‍ കാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ച് പ്രമേയം അവതരിപ്പിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുളള കേന്ദ്രമായി മാറുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും സാമൂഹ്യവിരുദ്ധ ശക്തികളെ സര്‍ക്കാര്‍ ശക്തമായി കൈകാര്യം ചെയ്യണമെന്നും ആര്‍എസ്എസ് ആവശ്യപ്പെടുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റാതെ സംശുദ്ധിയും സാംസ്‌കാരിക അന്തരീക്ഷവും ഉറപ്പുവരുത്തണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സര്‍ക്കാരിനെതിരായി ആരംഭിച്ച സമരം,ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വിമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍, ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായ കന്നയ്യകുമാറിനെ അറസ്റ്റ് ചെയ്തത്, പിന്നീട് ഉമര്‍ഖാലിദടക്കമുളള വിദ്യാര്‍ഥികള്‍ക്ക് എതിരെ ചുമത്തിയ രാജ്യദ്രോഹക്കേസുകളും ഇപ്പോഴും തുടരുന്ന കരുത്തുറ്റ പ്രതിഷേധങ്ങളുമെല്ലാം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നിരന്തരം തിരിച്ചടികളാണുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടത്.

Post a Comment
0 Comments