Type Here to Get Search Results !

Bottom Ad

വിവരാവകാശ നിയമം:സദ്ഭരണത്തിനുളള ശക്തമായ ആയുധം


കാസര്‍കോട്:(www.evisionnews.in)വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ സദ്ഭരണത്തിലേക്ക് നയിക്കുന്നതിനുമുളള ശക്തമായ ആയുധമാണെന്ന് വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അഡ്വ. ബി എം ജമാല്‍ പറഞ്ഞു. കാസര്‍കോട് ദേരാസിറ്റി ഹാളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവേണന്‍സും കുടുംബശ്രീ ജില്ലാ മിഷനും സംഘടിപ്പിച്ച വിവരാവകാശ നിയമം 2015 സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തെ ദുരുപയോഗം ചെയ്യുന്നത് അതിന്റ അന്തസത്തയെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐഎം ജി റീജ്യണല്‍ ഡയറക്ടര്‍ ഡി എം മുഹമ്മദ് ശെരീഫ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ നിയമ സെക്രട്ടറി എം കെ സാദിഖ് സ്വാഗതവും അഡീഷണല്‍ നിയമ സെക്രട്ടറി പി വി ചന്ദ്രബോസ് നന്ദിയും പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. 

വിവരാവകാശ നിയമം ഉദ്ദേശ ലക്ഷ്യങ്ങളും പ്രധാനപ്പെട്ട വകുപ്പുകളും എന്ന വിഷയത്തില്‍ അഡീഷണല്‍ നിയമസെക്രട്ടറിയും ഐ എം ജി ഫാക്കല്‍റ്റിയുമായ എം കെ സാദിഖ്, വിവരാവകാശ നിയമം അപേക്ഷകള്‍ പരാതികള്‍ അപ്പീലുകള്‍ നടപടി ക്രമം എന്ന വിഷയത്തില്‍ കൊച്ചി ഐ എം ജി ഫാക്കല്‍റ്റി പി വി ചന്ദ്രബോസ്, വിവരാവകാശ നിയമം സാമൂഹ്യ നേട്ടങ്ങള്‍ എന്ന വിഷയത്തില്‍ പാലക്കാട് കളക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ലളിത് ബാബു എന്നിവര്‍ ക്ലാസ്സെടുത്തു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരും പട്ടികവര്‍ഗ്ഗ അനിമേറ്റര്‍മാരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. 

പൊതുജനങ്ങള്‍ പരാതികളും അപ്പീലുകളും സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിയമവിദഗ്ദര്‍ വിശദീകരിച്ചു.വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ തേടികൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട് പരാതികളും അപ്പീലുകളും സമര്‍പ്പിക്കുമ്പോഴും ഒരു പൊതുസ്ഥാപനത്തിന്റെ കൈവശമുളള ഫയലുകള്‍, പ്രമാണങ്ങള്‍, രജിസ്റ്ററുകള്‍ തുടങ്ങിയ ഏത് വസ്തുവും നേരില്‍ കണ്ട് പരിശോധിക്കുന്നതിനും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പെടുക്കുന്നതിനുമുളള അവകാശമാണ് വിവരാവകാശ നിയമം ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് നിയമ വിദഗ്ദര്‍ പറഞ്ഞു. അപേക്ഷ നല്‍കുമ്പോള്‍ ഏതേത് രേഖകളാണ് ആവശ്യമുളളതെന്ന് അക്കമിട്ട് ചോദിക്കുക. വിവരം തേടുന്നതിന്റെ ആവശ്യം ഉള്‍പ്പെടെ അനാവശ്യ വിശദീകരണങ്ങള്‍ ഒഴിവാക്കണമെന്നും സെമിനാറില്‍ വിശദീകരിച്ചു.

കോര്‍ട്ട് ഫീസ് സ്റ്റാമ്പും ട്രഷറി ചെലാനും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമെ അപേക്ഷാ ഫീസായി സ്വീകരിക്കുകയുളളൂ. പൊതുമേഖലാ സ്ഥാപനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും നേരിട്ടോ ഡി ഡി, ബാങ്കേഴ്‌സ് ചെക്ക് എന്നിങ്ങനെയോ പണം ഒടുക്കണം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, നഗരസഭാ സെക്രട്ടറി, ബി ഡി ഒ എന്നിവരില്‍ നിന്നുളള സാക്ഷ്യപത്രം ഹാജരാക്കണം. റേഷന്‍ കാര്‍ഡ് സ്വീകരിക്കുകയില്ല. പല ഫയലുകളിലെ വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് രൂപത്തില്‍ മറുപടി ആവശ്യപ്പെടുന്നതും ഒരു ഫോര്‍മാറ്റ് തയ്യാറാക്കി അത് പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെടുന്നതും നിയമാനുസൃതമല്ല. ആദ്യം സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടതല്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ അപ്പീലുകളില്‍ ഉന്നയിക്കരുത്. അപേക്ഷ, മറുപടി, ഒന്നാം അപ്പീല്‍, ഒന്നാം അപ്പീലിലെ തീരുമാനം എന്നിവയുടെ പകര്‍പ്പുകള്‍ ക്രമമായി അടുക്കി നമ്പരിട്ട് ഹാജരാക്കുന്നത് അപ്പീല്‍ നടപടികള്‍ എളുപ്പത്തിലാക്കും. അപ്രസക്തമായ കാര്യങ്ങള്‍ വിവരിച്ചു കൊണ്ട് അനേകം പേജുകള്‍ വരുന്ന അപ്പീലുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കണം.ഓരോ അപേക്ഷയുമായും ബന്ധപ്പെട്ട് പ്രത്യേകം പരാതികള്‍-അപ്പീലുകള്‍ സമര്‍പ്പിക്കണം.ഹര്‍ജികള്‍ വായിച്ചു മനസ്സിലാക്കാന്‍ സാധിക്കത്തക്ക വിധം വെടിപ്പായി തയ്യാറാക്കി സമര്‍പ്പിക്കുന്നത് വേഗത്തിലും കാര്യക്ഷമമായും തീര്‍പ്പാക്കുന്നതിന് സഹായകരമായിരിക്കുമെന്നും കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാര്‍ക്കായി നടത്തിയ സെമിനാറില്‍ വ്യക്തമാക്കി. 

Post a Comment

0 Comments

Top Post Ad

Below Post Ad