കാസര്‍കോട്(www.evisonnews.in)നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ടവരും മാധ്യമങ്ങളില്‍ അനുകൂലമായി പ്രതിഫലം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും കര്‍ശനമായി നിരീക്ഷിക്കാന്‍ ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷണം ശക്തമാക്കി. നിരിക്ഷണത്തിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയാ സെന്ററില്‍ സംവിധാനമൊരുക്കി . ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ കണ്‍വീനറും സബ് കളക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, റിട്ട കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫസ്സര്‍ വി ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ടതാണ് ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി.
പെയ്ഡ് ന്യൂസ് തടയുന്നതിനും സാമൂഹിക മാധ്യമങ്ങളിലൂടെയും എസ് എം എസ് ലൂടെയും നടത്തുന്ന പ്രചരണങ്ങള്‍ നിരീക്ഷിക്കാനും സമിതി നടപടി സ്വീകരിക്കും. പത്രദൃശ്യമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ക്ക് അനുമതിപത്രം നല്‍കുന്നതും ഈ സമിതിയുടെ ചുമതലയാണ്. വിവിധ ടെലിവിഷന്‍ ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍, പരസ്യങ്ങള്‍, തെരെഞ്ഞെടുപ്പ് സംബന്ധമായ ഫീച്ചറുകള്‍ എന്നിവ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ടവരും വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമാക്കണം. പ്രാദേശികമായി ലഭിക്കുന്ന ഇത്തരം അപേക്ഷകളില്‍ അംഗീകാരം നല്‍കുവാനുളള ചുമതല അതാത് ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് സമിതികള്‍ക്കാണ്. ഉപഗ്രഹചാനലുകള്‍, റേഡിയോ ചാനലുകള്‍, വിവിധ എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങള്‍ എന്നിവയ്ക്കുളള പരസ്യത്തിന് അംഗീകാരം നല്‍കുന്നതിനായുളളചുമതല സംസ്ഥാന മീഡിയ റിലേഷന്‍ സമിതിക്കുമാണ്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് സഹിതം നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട കമ്മിറ്റിയുടെ കണ്‍വീനര്‍ക്ക് നല്‍കണം. ഓഡിയോ വീഡിയോ സിഡി ഫോര്‍മാറ്റുകളില്‍ മൂന്നു കോപ്പി വീതം ലഭ്യമാക്കണം. കമ്മിറ്റി ഇത് പരിശോധിച്ച് നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തി വീണ്ടും അപേക്ഷ നല്‍കണം. എസ് എം എസ്, വീഡിയോ വാള്‍, സാമൂഹികമാധ്യമങ്ങള്‍, തീയേറ്റര്‍ സ്ലൈഡുകള്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍ എന്നിവയെല്ലാം ഇലക്‌ട്രോണിക് പരസ്യങ്ങളില്‍ ഉള്‍പ്പെടും. ഇങ്ങനെയുള്ള പരസ്യ ചെലവുകള്‍ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.

Post a Comment
0 Comments