കാസര്‍കോട്:(www.evisionnews.in)മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള, ക്ഷേത്രജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കുന്നത് സംബന്ധിച്ച്, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ചെയര്‍മാനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്, സര്‍ക്കാര്‍ അംഗീകരിച്ചതായി ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ജീവനക്കാരുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തിര തുടര്‍നടപടി സ്വീകരിക്കാന്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ചുമതലപ്പെടുത്തി.
ഒട്ടേറെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഗ്രാന്റ് നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള വരുമാനപരിധിയില്‍ കുറവുള്ള ഓരോ ക്ഷേത്രത്തേയും സംബന്ധിച്ച, വാര്‍ഷിക വരുമാനം എത്രയെന്ന് നിശ്ചയിക്കണം. മൂന്നുവര്‍ഷത്തെ വരുമാനം കണക്കിലെടുത്താണ് ഇത് തയ്യാറാക്കേണ്ടത്. ഈ ലിസ്റ്റിന് മൂന്ന് വര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.
തൊട്ടുമുമ്പുള്ള മൂന്നുവര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമല്ലെങ്കില്‍, ലഭ്യമായ കണക്കുകള്‍വച്ചാണ് പരിധി നിശ്ചയിക്കേണ്ടത്. വരുമാനപരിധി സംബന്ധിച്ച തുകയുടെ കാര്യത്തില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ അത് പരിശോധിച്ച്, ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ആക്ഷേപാഭിപ്രായങ്ങള്‍ പരിഗണിക്കുന്നതിനുള്ള കാലതാമസം ശമ്പളം നല്‍കുന്നതിന് തടസമാകരുത്.
ശമ്പളം നല്‍കുന്നതിനുള്ള ഗ്രാന്റ് കിട്ടുന്നതിന് അര്‍ഹമായ ക്ഷേത്രങ്ങളെ, വാര്‍ഷികവരുമാനം അഞ്ച് ലക്ഷത്തില്‍ തഴെ, പതിനഞ്ച് ലക്ഷംവരെ, പതിനഞ്ച് ലക്ഷത്തില്‍കൂടുതല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കണം. അഞ്ച് ലക്ഷത്തില്‍ തഴെ വരുമാനമുള്ള ക്ഷേത്രങ്ങള്‍ക്ക്, ശമ്പളം നല്‍കാനുള്ള മുഴുവന്‍ തുകയും ദേവസ്വം ബോര്‍ഡ് നല്‍കണം. 5 ലക്ഷം മുതല്‍ 15 ലക്ഷംവരെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ 50 ശതമാനം സര്‍ക്കാര്‍ 50 ശതമാനം ക്ഷേത്രം എന്ന ഷെയറിംഗ് സിസ്റ്റം, 70:30 എന്നാക്കി മാറ്റണം 15 മുതല്‍ 25 ലക്ഷംവരെ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിന്, 50 ശതമാനം ക്ഷേത്രഫണ്ടില്‍ നിന്നും 50 ശതമാനം ഗ്രാന്റായും നല്‍കണം.
ക്ഷേത്രങ്ങളിലെ അര്‍ഹരായ ജീവനക്കാരെ നിശ്ചയിക്കുന്നത് 2009-ലെ സര്‍ക്കാര്‍ ഉത്തരവിനനുസൃതമായിരിക്കണം. കാലതാമസം ഒഴിവാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കണം. ശമ്പളത്തിന് സാമ്പത്തിക സഹായംനല്‍കുന്നതിനുള്ള അപേക്ഷകളിന്മേല്‍, ദേവസ്വം ബോര്‍ഡ് സമയബന്ധിതമായി നടപടി സ്വീകരിക്കണം. സ്റ്റാഫ് പാറ്റേണ്‍, മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പരിശോധിച്ച്, നിര്‍ണ്ണയിക്കണം. ഓരോ ക്ഷേത്രത്തിലെയും സ്റ്റാഫ് പാറ്റേണ്‍ വിജ്ഞാപനം ചെയ്യണം.
അനുമതിയില്ലാതെ സൃഷ്ടിച്ച തസ്തികകള്‍ക്ക് ശമ്പളം നല്‍കാന്‍ ധനസഹായം നല്‍കേണ്ടതില്ല. ജീവനക്കാര്‍ക്ക് ആഴ്ചയിലൊരുദിവസം അവധി നല്‍കണം. അര്‍ഹമായ അവധി ദിവസം ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കോമ്പന്‍സേറ്ററി അലവന്‍സ് നല്‍കുകയും വേണം. കാഷ്വല്‍ ലീവ്, മറ്റ് ദേവസ്വം ബോര്‍ഡുകളിലേതുപോലെത്തന്നെ അനുവദിക്കണം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഇപ്രകാരംതന്നെ, ഏണ്‍ഡ് ലീവും സറണ്ടറും നല്‍കണം.
ബോര്‍ഡിലെ 25 ശതമാനം തസ്തികകള്‍, ക്ഷേത്രജീവനക്കാര്‍ക്കായി മാറ്റിവയ്ക്കണം. ബനവലന്റ് ഫണ്ട് രൂപീകരിക്കണം. സ്‌പെഷ്യല്‍ ഗ്രേഡ്, എ ഗ്രേഡ് ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ 5 ശതമാനം ഇതിലേക്കു നല്‍കണം. ഇതിനാവശ്യമായ ചട്ടങ്ങള്‍ തയ്യാറാക്കണം. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫണ്ടിന്റെ ചെയര്‍മാനായും ഫണ്ടിലേക്ക് തുകനല്‍കുന്ന ക്ഷേത്രങ്ങളില്‍നിന്നുള്ള അഞ്ച് പ്രതിനിധികളെ അംഗങ്ങളായും നിയമിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തൃശൂരിലെ ചാവക്കാട് താലൂക്കിലുമുള്ള ആയിരത്തിനാനൂറിലധികം ക്ഷേത്രങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന സുപ്രധാന നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് വി.എസ്. ശിവകുമാര്‍ പറഞ്ഞു.

Post a Comment
0 Comments