ന്യൂഡല്‍ഹി:(www.evisionnews.in)നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായിയും മല്‍സരിക്കുന്ന കാര്യമടക്കമുളള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ചൊവ്വാഴ്ച തിരുവനന്തപുരത്തെ എ.കെ.ജി സെന്ററില്‍ തുടക്കമാവും. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ജന.സെക്രട്ടറി സീതാറാം യെച്ചൂരി സംബന്ധിക്കും. സംസ്ഥാന ഘടകത്തിന്റെ തീരുമാനം അറിഞ്ഞശേഷം കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനമെടുക്കും.
ശനിയാഴ്ച കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് കേരളത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും നിര്‍ദേശമുണ്ട്. എകെജി ഭവനില്‍ നടത്തിയ ചര്‍ച്ചയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം അടുത്തയാഴ്ച വരാനിരിക്കെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സിപിഎം തുടങ്ങുന്നത്. 2006ലും 2011ലും ഉണ്ടായതുപോലെ വിഎസിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഇത്തവണ ഉണ്ടാകരുതെന്ന് സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവും ആഗ്രഹിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് സംസ്ഥാന കമ്മറ്റിയിലാകും അന്തിമ തീരുമാനം എടുക്കുക. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി വിജയനൊപ്പം വിഎസും മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് സംസ്ഥാന നേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്.
സീതാറാം യച്ചൂരിയും ഇതിനോട് യോജിക്കുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്നകാര്യം പരിഗണിക്കുമെന്ന് വിഎസും വ്യക്തമാക്കിയിട്ടുണ്ട്. പ്രായം കണക്കിലെടുത്ത് വിഎസ് മത്സരിക്കുന്നതൊഴിവാക്കണമെന്ന് ചില കേന്ദ്ര നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കിലും സംസ്ഥാന ഘടകത്തിന്റെ നിലപാടാകും നിര്‍ണ്ണായകമാവുക.

Post a Comment
0 Comments