Type Here to Get Search Results !

Bottom Ad

മിശ്രവിവാഹിതയായ വിദ്യാര്‍ത്ഥിനിക്ക് കോളജില്‍ വിലക്ക്

കോഴിക്കോട് (www.evisionnews.in): രക്ഷിതാക്കളുടെ അനുമതിയില്ലാതെ മിശ്രവിവാഹം ചെയ്ത കോഴിക്കോട് എംഇഎസ് വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനിക്ക് വിലക്ക്. നടക്കാവ് എംഇഎസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി മാവൂര്‍ സ്വദേശിനി നീരജയോടാണ് ഇനി മുതല്‍ കോളജില്‍ വരേണ്ടെന്ന് അധികൃതരുടെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് രേഖാമൂലം നല്‍കാന്‍ കോളജ് അധികൃതര്‍ തയാറായിട്ടില്ല. 

രക്ഷിതാക്കളറിയാതെ വിവാഹം ചെയ്താല്‍ കോളജ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വെസ് പ്രിന്‍സിപ്പല്‍ അറിയിച്ചതായി നീരജ പറഞ്ഞു. ഒരാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസുമായി നീരജയുടെ വിവാഹം നടന്നത്. ഇരുവരും കോളജിലെത്തി അവധിക്കാര്യം സംസാരിക്കാനായി പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് കോളജില്‍ പഠനം തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

പ്രിന്‍സിപ്പല്‍ ബി സീതാലക്ഷ്മിയോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല. അതേസമയം വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്താനാണ് നീരജയുടെ തീരുമാനം.

സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി വാങ്ങാന്‍ വൈസ്പ്രിന്‍സിപ്പാല്‍ നിര്‍ദേശിച്ചതായും നീരജ പറഞ്ഞു. റമീസിനും നീരജയ്ക്കും ഒന്നിച്ച് ജീവിക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad