കൊച്ചി (www.evisionnews.in): ഫസല്‍ വധക്കേസില്‍ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കേസന്വേഷിക്കുന്ന സിബിഐയുടെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ഇരുവരുടെയും ഹര്‍ജി തള്ളിയത്. കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ഇരുവരും വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരസ്ഥാനങ്ങളിലെത്തിയത്.
ഭരണഘടനാ പരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ തങ്ങള്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ടാണ് കാരായിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നാട്ടിലെത്തിയാല്‍ കൊലക്കേസിലെ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമെന്ന സിബിഐയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇരുവര്‍ക്കും കൊലയില്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും സിബിഐ വാദിച്ചു. കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ഇരുവരെയും കണ്ണൂര്‍ ജില്ലയില്‍ നിന്ന് കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു.

Post a Comment
0 Comments