തിരുവനന്തപുരം (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ട ചരിത്രത്തിലെ ജീവിക്കുന്ന രക്തസാക്ഷി ബംഗളൂരു ഗവ ഹോമിയോ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ ശ്രുതിക്ക് വിദ്യാഭ്യാസ ചികിത്സാ ചെലവിനായി നാലു ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ബുധനാഴ്ച രാവിലെ മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശ്രുതിയുടെ ഭര്‍ത്താവ് മുള്ളേരിയ കുണ്ടാറിലെ ജഗദീഷ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇദ്ദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ശ്രുതിക്ക് പഠനച്ചെലവിന് നല്‍കാന്‍ പണം നല്‍കാനാവാത്ത അവസ്ഥയിലാണ് ജഗദീഷ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആശുപത്രിയിലുള്ള ജഗദീഷിനെ ചൊവ്വാഴ്ച പി കരുണാകരന്‍ എം.പിയും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയും ജില്ലാ പഞ്ചായത്തംഗം വിപിപി മുസ്തഫയും സന്ദര്‍ശിച്ചിരുന്നു.
ജില്ലാ കലക്ടര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പെര്‍ള വാണിനഗറിലെ താരാനാഥറാവുവിന്റെ മകളായ ശ്രുതിക്ക് നാലു ലക്ഷം രൂപ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അവരുടെ രക്ഷിതാക്കളും സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണിസമരം തുടരുന്നതിനിടയിലാണ് ശ്രുതിയുടെ കാര്യത്തില്‍ മന്ത്രി സഭയുടെ പ്രഖ്യാപനമുണ്ടായത്. ബുധനാഴ്ച വൈകിട്ട് എന്‍ഡോസള്‍ഫാന്‍ സംയുക്ത സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരിക്കുകയാണ്.

Post a Comment
0 Comments